കൊട്ടാരക്കര: നിയന്ത്രണത്തിലായിരുന്ന കോവിഡ് വ്യാപനം കൊട്ടാരക്കരയിൽ കൂടുന്നു. ഓണക്കാലത്തെ നിയന്ത്രണമില്ലായ്മയും തൊഴിൽശാല കളിൽ നിബന്ധനകൾ ലംഘിച്ചുള്ള തൊഴിൽ പ്രവർത്തനങ്ങളുമാണ് രോഗബാധകൂടാൻ കാരണം.
കശുവണ്ടി ഫാക്ടറികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജോലികൾ നടക്കുന്നത്. അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ തൊഴിലുടമകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യമുന്നയിച്ച് ഒരു തൊഴിലാളി സംഘടനയും ലേബർ വകുപ്പും മുന്നോട്ട് വന്നിട്ടില്ല.
ഇന്നലെ പുത്തൂരിലെ ഒരു കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പു പ്രത്യേകമായി സംഘടിപ്പിച്ച പരിശോധനയിൽ ചില സ്ത്രീ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ 164 ആന്റിജൻ ടെസ്റ്റാണ് നടന്നത്. പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു. മൈലം – 2, വെട്ടിക്കവല – 2, ഉമ്മന്നൂർ – 1, കരീപ്ര – 2, കൊട്ടാരക്കര – 1 എന്നിങ്ങനെയാണ് കണക്കുകൾ.
കൊട്ടാരക്കര സബ് ജയിലിലെ ഒരു തടവുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലിലെ ജീവനക്കാർക്കും തടവുകാർക്കും പ്രത്യേക പരിശോധകൾ നടത്താൻ ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നു