കോട്ടയം: കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കോവിഡ് രോഗികളില്ലാത്തതിന്റെയും ഇന്നലെ മൂന്നു പേർ രോഗമുക്തരായതിന്റെയും ആശ്വാസത്തിലാണ് കോട്ടയം ജില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മാങ്ങാനം സ്വദേശിനി (83), മീനടം സ്വദേശിനി (23), കറുകച്ചാൽ സ്വദേശി (47) എന്നിവരാണ് രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടത്.
ഇന്നലെ ലഭിച്ച 90 സാംപിൾ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 626 സ്രവ സാംപിൾ പരിശോധന ഫലങ്ങൾ. സാംപിൾ പരിശോധനകൾ വർധിപ്പിച്ചതിന്റെ ഫലമായി ഇന്നലെ 201 പേരുടെ സ്രവ സാംപിളാണ് പരിശോധയ്ക്കായി അയച്ചത്.
ഇന്നലെ 876 പേരെയാണ് ഹോം ക്വാറന്റയിനിൽ നിന്ന് ഒഴിവാക്കിയത്. പുതിയതായി 385 പേർക്കു ഹോം ക്വാറന്റയിൻ നിർദേശിച്ചിട്ടുണ്ട്. ഇതിൽ 334 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 45 പേർ വിദേശത്ത് നിന്നും ജില്ലയിൽ എത്തിയവരാണ്.
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടു ബന്ധം പുലർത്തിയ മൂന്നു പേരെയും ഇവരുമായി സന്പർക്കം പുലർത്തിയ സെക്കൻഡറി കോണ്ടാക്റ്റുകളായി മൂന്നു പേരെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ ആകെ 5908 പേരാണ് ഹോം ക്വാറന്റയിനിൽ കഴിയുന്നത്.
ജില്ലയിൽ നിന്നു സാംപിൾ പരിശോധനകൾക്കു വിധേയരായവരുടെ എണ്ണം 4001 ആയി. ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ ഇന്നലെ 701 വീടുകൾ സന്ദർശിച്ചു. ഇന്നലെ ആറു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് രോഗം ഭേദമായി വീട്ടിലെത്തിയതോടെ മീനടം പഞ്ചായത്തിലെ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തി. പഞ്ചായത്തിൽ ഒരാൾക്കു മാത്രമേ രോഗമുള്ളു. ഇദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ തുറന്നുപ്രവർത്തിപ്പിക്കാം.
വസ്ത്രശാലകൾ, ബാർബർ ഷോപ്പുകൾ, മുറുക്കാൻ കടകൾ എന്നിവയ്ക്കു നിയന്ത്രണമുണ്ട്. കച്ചവട സ്ഥാപനങ്ങളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കരുത്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ അകലം പാലിച്ചു പുറത്തുനിന്നു വാങ്ങണം. ഓട്ടോറിക്ഷ, ടാക്സി എന്നിവ സ്റ്റാൻഡിൽ കിടന്ന് ഓടാൻ പാടില്ല, അവശ്യസർവീസുകൾ നടത്താം.