കോട്ടയം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ 816 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ ആരോഗ്യ പ്രവർത്തകരാണ്.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒന്പതുപേർ രോഗബാധിതരായി. പുതുതായി 4998 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 368 പുരുഷൻമാരും 368 സ്ത്രീകളും 80 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം രൂക്ഷമായതോടെ അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
ജില്ലയിലെ വിവിധ മേഖലയിലെ കോവിഡ് പ്രതിരോധം കാര്യക്ഷമമാക്കാൻ ആരോഗ്യ വകുപ്പും പോലീസും മറ്റു വകുപ്പുകളും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജില്ലാ കളക്്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് നഗരസഭ ഭരണ സമിതികളും യോഗം ചേർന്നിരുന്നു.
വിവിധ കോവിഡ് സെന്ററുകളുടെയും സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കോവിഡിന്റെ പിടിയിലമർന്നിരുന്ന വ്യാപാര മേഖലയിൽ ഉണർവുണ്ടായി തുടങ്ങിയ സമയത്താണ് കോവിഡിന്റെ രണ്ടാം ഘട്ടവ്യാപനം ഉണ്ടായിരിക്കുന്നത്.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനു നടപടികൾ കർശനമാക്കുന്പോൾ വ്യാപാര മേഖലയിൽ സ്തംഭനമുണ്ടാക്കാത്ത ക്രമീകരണങ്ങൾ നടപ്പാക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ സ്വകാര്യ ബസുകളിൽ പരിശോധനകളും കർശനമാക്കി.
സ്വകാര്യ ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടു പോകുന്നത് അനുവദിച്ചിട്ടില്ല. അതേസമയം, ഇന്നു രാവിലെ ചില സ്വകാര്യ ബസുകളിൽ യാത്രക്കാർ വലിയ തോതിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നുണ്ടായിരുന്നു.സീറ്റിംഗ് കപ്പാസിറ്റിയിലുള്ള യാത്രക്കാരെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഈ നിയന്ത്രണം സ്വകാര്യ ബസുകൾ പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന കർശനമാക്കിയിരിക്കുകയാണ്. നിയന്ത്രണം ലംഘിക്കുന്ന സ്വകാര്യ ബസുകളിൽനിന്നും പിഴയീടാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആദ്യ ഘട്ടമായി സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയാണ് ചെയ്തത്.
ട്രെയിൻ യാത്രക്കാർക്ക് കരുതൽ വേണം
കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തിൽ റെയിൽവേ സുരക്ഷാ നിബന്ധനകൾ കർക്കശമാക്കി. പ്ലാറ്റ് ഫോമിലും ട്രെയിനിലും മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കും. പ്ലാറ്റ്ഫോം ടിക്കറ്റ് തൽക്കാലം അനുവദിക്കില്ല. വിവിധ സ്റ്റേഷനുകളിൽ ആർപിഎഫ് പരിശോധന കർശനമാക്കി.
തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പ്രഖ്യാപനങ്ങൾ മേയ് രണ്ടിനുശേഷമേ ഉണ്ടാകൂ. അവശ്യസാഹചര്യത്തിൽ കോവിഡ് നിയന്ത്രണം അടുത്ത ദിവസങ്ങളിൽ കർക്കശമാക്കാനിടയുണ്ട്.യാത്രക്കാർ കുറവായതിനാലാണ് ട്രെയിനുകളിൽ അകലം പാലിക്കാൻ നിർദേശം വരാത്തത്.
റിസർവേഷനിൽ കറന്റ് ബുക്കിംഗ് ഒഴികെ ആർഎസി പരമിതമായി മാത്രം അനുവദിക്കില്ല. യാത്രാവേളയിൽ ടിക്കറ്റ് അപ്ഗ്രേഡ് (ക്ലാസ് മാറ്റം) ചെയ്യാനും അനുവാദമില്ല. പാഴ്സൽ സംവിധാനം ഏറെക്കുറെ പൂർണമായി കാഷ്ലെസ് ആയാണു പ്രവർത്തിക്കുന്നത്.
70 ശതമാനം പാഴ്സൽ ഫീസുകളും കാർഡ് സൗകര്യത്തിൽ ഈടാക്കുന്നു. റിസർവേഷൻ കൗണ്ടറുകൾ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്നുണ്ട്. അവിടെയും കാർഡ് സംവിധാനത്തിൽ പണം ഈടാക്കാനാണ് റെയിൽവേ താൽപര്യപ്പെടുന്നത്.
കോട്ടയം വഴിയുള്ള പാസഞ്ചർ വണ്ടികൾ നിലവിലെ സാഹചര്യത്തിൽ ഓടിച്ചുതുടങ്ങിയില്ല. തിരക്ക് ഒഴിവാക്കാൻ ലോക്കൽ സർവീസിൽ രണ്ടു മെമുവും ഗുരുവായൂർ പൂനലൂർ പാസഞ്ചറും സർവീസ് തുടരുന്നുണ്ട്.