കോട്ടയം: കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന തലത്തിൽ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ പൊതു പരിപാടികളും ആരാധനാലയങ്ങളിലെ ചടങ്ങുകളും നടത്തുവാൻ പാടുള്ളൂ. ഇതിനായി തഹസീൽദാരുടെയോ സ്റ്റേഷൻ ഹൗസ് ഓഫീസറുടെയോ മുൻകൂർ അനുമതി വാങ്ങണം.
നിലവിലുള്ള നിർദേശങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്തുന്നതെന്ന് സംഘാടകർ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്ന പക്ഷം നടപടി സ്വീകരിക്കും.
പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
വിവാഹം, മരണം, ജന്മദിനം, ഗൃഹപ്രവേശം തുടങ്ങിയവയോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടത്തുന്നതിനു മുൻപ് www. covid19jagratha.kerala.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇത്തരം ചടങ്ങുകളിൽ കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്.
ചടങ്ങുകളിൽ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യണം. പൊതു പരിപാടികൾക്ക് പരമാവധി രണ്ടു മണിക്കൂർ സമയം മാത്രമാണ് അനുവദിക്കുക.
ആനകളെ എഴുന്നള്ളിക്കരുത്
ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ബാറുകളും സിനിമാ തിയറ്ററുകളും രാത്രി ഒൻപതു വരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിൽ ആകെയുള്ള ഇരിപ്പിടങ്ങളുടെ പകുതി എണ്ണം ആളുകൾക്കേ പ്രവേശനം നൽകാവൂ.
ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഒൻപതു മുതൽ പത്തുവരെ ഹോട്ടലുകളിൽ പാഴ്സൽ സർവീസ് നടത്താം.സ്വകാര്യ സ്ഥാപനങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ജീവനക്കാർ രണ്ടു ഡോസ് വാക്സിൻ എടുത്തു എന്ന് ഉടമകൾ ഉറപ്പുവരുത്തണം.
ഇവർ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ എല്ലാ ആഴ്ച്ചയിലും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ട്യൂഷൻ സെന്ററുകൾ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ.
റോഡുകളിൽ വാഹന പരിശോധന
ബസുകളിൽ ഇരുന്ന് സഞ്ചരിക്കാൻ കഴിയുന്നതിന്റെ പകുതി യാത്രക്കാരെ മാത്രമേ കയറ്റാവൂ. നിർദേശം ലംഘിക്കുന്ന ബസുടമകൾക്കെതിരെ നടപടി സ്വീകരിക്കും.മാർക്കറ്റുകളിൽ കോവിഡ് പ്രതിരോധ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാഗമായി മാർക്കറ്റ് കമ്മിറ്റികളുടെ പ്രവർത്തനം സജീവമാക്കും.
നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന നിരീക്ഷണ സംഘങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ സംഘം ഇന്നു മുതൽ കർശന പരിശോധന നടപ്പാക്കും.
മാസ്ക ധരിക്കാത്തവർക്കും ശരിയായ രീതിയിൽ ധരിക്കാത്തവർക്കുമെതിരേ പിഴചുമത്തും. ബസുകളിൽ നിർത്തി യാത്രക്കാരെ കൊണ്ടുപോയാൽ നടപടി സ്വീകരിക്കാൻ പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് കർശനനിർദേശം നൽകിയിരിക്കുകയാണ്. റോഡുകളിൽ വാഹന പരിശോധയും കർശനമാക്കും.
20,000പേർക്ക് പരിശോധന
ഇന്നും നാളെയുമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ 20,000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധന ഉൗർജിതമാക്കുന്നത്.
വിവിധ താലൂക്കുകളിലായി നൂറോളം കേന്ദ്രങ്ങളിലാണ് രാവിലെ പരിശോധ ക്യാന്പ് ആരംഭിച്ചത്.