കോട്ടയം: കോട്ടയത്തെ ‘സി’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നു കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.
മതപരമായ ആരാധനകൾ ഓണ്‍ലൈനായി മാത്രം നടത്തണം.വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
ബിരുദ-ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും 10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളും(ട്യൂഷൻ സെന്റർ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇതു ബാധകമല്ലെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ഉത്തരവിൽ പറയുന്നു.
കോവിഡ് വ്യാപനം ജില്ലയിൽ കൂടുന്ന സാഹചര്യത്തിൽ വരുന്ന രണ്ടാഴ്ച ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. മാസ്ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
മൂന്നാംതരംഗത്തെ നേരിടാൻ ജില്ലയിലെ ആരോഗ്യസംവിധാനം സുസജ്ജമാണ്. വാക്സിനേഷൻ സന്പൂർണമാക്കാൻ ജാഗ്രതാ സമിതികളുടെ ഇടപെടൽ വേണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ ദൈനംദിന വിവരങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ലഭ്യമാക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.
ഓഫീസുകളിൽ നേരിട്ടെത്താതെ ഓണ്‍ലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും കോവിഡ് ഇതര ചികിത്സയ്ക്ക് ഇ-സഞ്ജീവനി പോലുള്ള ഓണ്‍ലൈൻ ചികിത്സാ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
സമൂഹ അടുക്കളകൾ ആരംഭിക്കും
കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 404 ആരോഗ്യപ്രവർത്തകരെ താത്കാലികമായി നിയോഗിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി കൂടിയ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരുടെയും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യപ്രവർത്തകർക്ക് കൂടുതലായി കോവിഡ് ബാധിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് പലയിടങ്ങളിലും അനുഭവപ്പെട്ടിരുന്നു.
ഇതു പരിഹരിക്കുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായാണ് ഡോക്ടർമാർ, നഴ്സുമാർ, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ദേശീയ ആരോഗ്യ ദൗത്യം വഴി താൽക്കാലികമായി നിയോഗിക്കുക. മാർച്ച് 31 വരെ ഇവരെ നിയോഗിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനായി ജാഗ്രതാ സമിതികളും ദ്രുതകർമ സംഘവും(ആർആർടി), ഫലപ്രദമായി ഇടപെടണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കും.
കോർകമ്മിറ്റി വിളിച്ചുകൂട്ടി പ്രതിരോധപ്രവർത്തനങ്ങളിൽ ഉൗർജിതമായി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും.കോവിഡ് ബാധിച്ച് വീടുകളിൽ ക്വാറന്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം നൽകും.
കുടുംബത്തിലെ മുഴുവൻ പേർക്കും കോവിഡ് ബാധിക്കുന്ന സ്ഥിതിയുണ്ടായാൽ ഭക്ഷണസാധനങ്ങളോ ഭക്ഷണമോ എത്തിച്ചു നൽകാനുള്ള സംവിധാനമൊരുക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വാർഡുതല ജാഗ്രതാസമിതികളും ആർആർടികളും ഇടപെടും.
ആവശ്യമെങ്കിൽ സമൂഹ അടുക്കളകൾ ആരംഭിക്കും. കോവിഡ് ബാധിച്ച് കഴിയുന്ന മറ്റു രോഗങ്ങളുള്ളവർ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുടെ ആരോഗ്യസ്ഥിതി ദിവസവും അന്വേഷിച്ച് വിലയിരുത്താനും ഇവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനും മന്ത്രി നിർദേശം നൽകി.