
കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നു. കോവിഡ് ബാധിച്ചു ജില്ലയിൽ ചികിത്സയിലുള്ളത് 27 പേരായി. ഇന്നലെ അഞ്ചു പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നു പേർ കുവൈറ്റിൽനിന്ന് മേയ് 26നും ഒരാൾ മഹാരാഷ്്ട്രയിൽനിന്ന് മേയ് 25നും മറ്റൊരാൾ പൂനയിൽനിന്ന് മേയ് 30നും ജില്ലയിൽ എത്തിയവരാണ്.
നീണ്ടൂർ സ്വദേശിനി(40), ളാക്കാട്ടൂർ സ്വദേശി(25), കോട്ടയം സ്വദേശി(25) എന്നിവരാണ് കുവൈറ്റിൽനിന്ന് ഒരേ വിമാനത്തിൽ എത്തിയത്. മൂവരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റയിൻ കേന്ദ്രത്തിലായിരുന്നു. മഹാരാഷ്്ട്രയിൽനിന്ന് വിമാനമാർഗം മേയ് 25ന് എത്തിയ ഗർഭിണിയായ പാറത്തോട് സ്വദേശിനി(31)ക്ക് ഹോം ക്വാറന്റയിനിൽ കഴിയുന്പോൾ രോഗലക്ഷണങ്ങളുണ്ടായ സാഹചര്യത്തിലാണ് സാന്പിൾ ശേഖരിച്ചത്.
പൂനെയിൽനിന്ന് മേയ് 30ന് എത്തിയ തിരുവാതുക്കൽ സ്വദേശിയും(32) ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു. ഇവരിൽ നാലു പേരെ കോട്ടയം ജനറൽ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 27 പേരിൽ 18 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒന്പതു പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ്. കഴിഞ്ഞ മേയ് 26ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ ജില്ലയിൽ എത്തിയ 16 പേരിൽ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേർ ഉൾപ്പെടെ ഒന്പതു പേർ കോവിഡ് ബാധിതരാണ്.
ഇന്നലെ പരിശോധനയ്ക്ക് അയച്ചത് 390 സ്രവ സാംപിൾ
ജില്ലയിൽ നിന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ചതു 390 പേരുടെ സ്രവ സാംപിൾ. നാളുകൾക്കുശേഷമാണ് ജില്ലയിൽ നിന്ന് ഇത്രയധികം പേരുടെ സ്രവ സാംപിൾ ഒരു ദിവസം പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇന്നലെ ലഭിച്ചത്234 പേരുടെ സ്രവ സാംപിൾ പരിശോധനാ ഫലമാണ്.
ഇതിൽ അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കി 229 പേരുടെ ഫലം നെഗറ്റീവാണ്. ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഇന്നലെ മൂന്നു പേരെ ഒഴിവാക്കിയപ്പോൾ പുതിയതായി നാലു പേരെക്കൂടി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
ഇന്നലെ ഹോം ക്വാറന്റയിനിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. ഇന്നലെ 355 പേർക്കു കൂടി പുതിയതായി ഹോം ക്വാറന്റയിൻ നിർദേശിച്ചു. ഇതിൽ 278 പേർ ഇതര സംസ്ഥാനത്തുനിന്നും 46 പേർ വിദേശത്തു നിന്നും ജില്ലയിൽ എത്തിയവരാണ്. ജില്ലയിൽ ആകെ 7056 പേർ ഹോം ക്വാറന്റയിനിലാണ്.
ഒരാളെക്കൂടി ഇന്ന് മെഡി. കോളജിൽ പ്രവേശിപ്പിച്ചു
ഗാന്ധിനഗർ: കോവിഡ് രോഗബാധിതരായി ഒരാളെക്കൂടി ഇന്ന് പുലർച്ചെയോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടിന് മാവേലിക്കര തട്ടാരന്പലം സ്വദേശിയായ 53 കാരനെയാണ് 108 ആംബുലൻസിൽ എത്തിച്ചു മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കു വേണ്ടിയാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്.