ഗാന്ധിനഗർ: കോവിഡ് സംശയിക്കുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പ്രവേശിപ്പിക്കുന്നതിനു സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് കോവിഡ് സംശയിക്കുന്ന രോഗികളുടെ പ്രഥമ പരിശോധനയും ചികിത്സയും നടത്തുന്നത്. സുരക്ഷാ വസ്ത്രം ധരിച്ചാണു ഡോക്്ടർമാരും ജീവനക്കാരും ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്.
ഒപി കൗണ്ടർ, കാഷ് കൗണ്ടർ എന്നിവ പ്രവർത്തിക്കുന്നത് ഇതിന്റെ പ്രവേശന കവാടത്തിൽ തന്നെയാണ്. കോവിഡ് രോഗത്തിന്റെ ആരംഭഘട്ടത്തിൽ കോവിഡ് സംശയിക്കുന്ന രോഗികളെ ഒന്നാം നിലയിലുള്ള ഒരു കെട്ടിടത്തിലായിരുന്നു.
അതിനാൽ അത്യാഹിത വിഭാഗത്തിലെത്തുന്ന മറ്റു രോഗികൾക്കു ആശങ്ക കൂടാതെ പ്രവേശിക്കാമായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് വരുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ കാണിക്കാതെ ബന്ധപ്പെട്ട കോവിഡ് ഐസലേഷൻ വാർഡിലേക്ക് പ്രവേശിപ്പിക്കുന്നതിനാൽ ജീവനക്കാർക്ക് ആശങ്കയില്ല.
രോഗവ്യാപനം രൂക്ഷമായതിനാൽ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന കോവിഡ് രോഗ വിഭാഗം ഇവിടെനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്നതാണ് ആവശ്യമുയർന്നിരിക്കുന്നത്.