ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിൽ ഭക്ഷണമെത്താത്തതിനെതുടർന്ന്, രോഗികളും കൂട്ടിരിപ്പുകാരും ബഹളമുണ്ടാക്കി. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും രോഗികൾക്ക് ഭക്ഷണമെത്തിയില്ല.
കോവിഡ് സ്ഥിരീകരിക്കുന്ന പുരുഷന്മാരെ കിടത്തി ചികിത്സിക്കുന്നതു ഒന്പതാം വാർഡിലാണ്. ഇവിടെ കഴിയുന്ന രോഗികൾക്കും ഇവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്നത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വത്തിലാണ്.
രാത്രി ഭക്ഷണം കഞ്ഞിയാണ്. അത് ഇന്നലെ രാത്രിയിൽ ലഭിച്ചില്ല. ഇന്നു രാവിലെ ഒന്പതു വരെ പ്രഭാത ഭക്ഷണവും എത്തിയില്ല. ഇതിനിടയിൽ ബന്ധപ്പെട്ട ജീവനക്കാരനെത്തി ഭക്ഷണം കൊണ്ടുവന്ന് നൽകിയിരുന്നവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ഭക്ഷണമെത്തിക്കാതിരുന്നതെന്ന് പറഞ്ഞു.
ഇത് കേട്ടയുടൻ രോഗികളും കൂടെയുള്ളവരും ബഹളം വയ്ക്കുകയും, ജീവനക്കാരുമായി വാക്ക് തർക്കം ഉണ്ടാക്കുകയും ചെയ്തു. രോഗികൾക്ക് നൽകി വരുന്ന ഭക്ഷണം വളരെ മോശമാണെന്നും പലരും കളയുകയാണെന്നും പറയുന്നു.
കോവിഡ് രോഗികളുടെ പരിചരണത്തിന് നിൽക്കുന്നതിനാൽ രോഗികളോടൊപ്പമുള്ള ബന്ധുക്കൾക്ക് ഭക്ഷണം വാങ്ങാൻ ആശുപത്രിക്ക് പുറത്ത് പോകാനും കഴിയുന്നില്ല.