ഗാന്ധിനഗർ: കയ്യിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണ വിഭാഗത്തിൽ കഴിയുന്ന തൃശൂർ സ്വദേശിയായ 20കാരനാണ് കയ്യിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു പേ വാർഡിലെ കോവിഡ് നിരീക്ഷണ വിഭാഗത്തിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ബന്ധുക്കൾ ആരും കൂടെയുണ്ടായിരുന്നില്ല. ജോലിയുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയതാണെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്.
ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണവുമായി നഴ്സ് എത്തിയപ്പോൾ വാതിൽ തുറന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സുരക്ഷാ വിഭാഗത്തെ അറിയിച്ചു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെത്തി വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു.
അപ്പോഴാണ് ഇടതു കയ്യിലെ ഞരന്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മറ്റ് ജീവനക്കാരുടെ സഹായത്തോടെ സർജറി വിഭാഗത്തിലെത്തിച്ചു ചികിത്സ നൽകി.
പിന്നീട് സൈകാട്രി വിഭാഗത്തിന്റെ മേൽനേട്ടത്തിൽ പരിശോധന നടത്തി. ഇപ്പോൾ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മെഡിക്കൽ കോളജിലെ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന രണ്ടാമത്തെ രോഗിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ആഴ്ച ആംബുലൻസിൽ വച്ച് പീഡിപ്പിക്കപ്പെട്ട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ പന്തളം സ്വദേശിനിയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.