ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് കോവിഡ് സുരക്ഷാ മാസ്ക് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെഡിക്കൽ കോളജിൽ യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ ജോലി ചെയ്യുന്നതു സുരക്ഷാ വിഭാഗമാണ്.
കോവിഡ് സംശയിച്ചോ രോഗ സ്ഥിരീകരണത്തിനുശേഷമോ രോഗി ആംബുലൻസിലെത്തിയാൽ ഇവരെ ബന്ധപ്പെട്ട കൊറോണ വാർഡിൽ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യേണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഈ ഡ്യൂട്ടി ചെയ്യുന്നവർക്ക് സുരക്ഷിതത്വമുള്ള എൻ 95 മാസ്ക് നൽകാൻ ആരോഗ്യ വകുപ്പ് തയാറായിട്ടില്ല.
സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയെതുടർന്ന് ഇന്നലെ 10 പേർക്ക് എൻ 95 മാസ്ക് ലഭിച്ചു. ഒരാൾക്ക് നാല് മാസ്ക് വീതം നൽകാനാണ് നിർദേശം. ആദ്യ ഉപയോഗത്തിനുശേഷം പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കുക, അഞ്ചാം ദിവസം ആദ്യം ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കുക.
എൻ 95 മാസ്ക് പേപ്പറിൽ പൊതിഞ്ഞാൽ അണുവിമുക്തമാകുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. 80 പേർ ഡ്യൂട്ടി ചെയ്യുന്ന മെഡിക്കൽ കോളജിൽ 10 പേർക്ക് മാത്രമായി ഈ മാസ്ക് വിതരണം ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സുരക്ഷാ വിഭാഗം അധികൃതർ. മാസ്ക് ലഭിക്കുന്ന 10 സുരക്ഷാ ജീവനക്കാരെ മാത്രം സ്ഥിരമായി കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നാണ് കൊറോണ വിഭാഗം കൈകാര്യം ചെയ്യുന്ന അധികൃതർ പറയുന്നത്.
എന്നാൽ 10 പേരെ സ്ഥിരമായി ഡ്യൂട്ടിക്ക് നിയോഗിക്കാൻ കഴിയുകയില്ലെന്നും ഷിഫ്റ്റ് അനുസരിച്ചാണ് ഡ്യൂട്ടിയെന്നും ഒപി കൗണ്ടർ, ഗൈനക്കോളജി, അത്യാഹിത വിഭാഗം, പ്രവേശന കവാടം തുടങ്ങി എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഡ്യൂട്ടി ചെയ്യുന്ന സുരക്ഷാ ജീവനക്കാർക്ക് എൻ 95 മാസ്ക് നൽകുന്നതിനുള്ള നടപടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകമെന്നാണ് സുരക്ഷാ വിഭാഗം ജീവനക്കാരുടെ ആവശ്യം.
കൊറോണ രോഗികളുടെ എണ്ണം വരും ദിവസങ്ങളിൽ കൂടുതലാകുവാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ വിഭാഗം ജീവനക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കുവാൻ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.