കോട്ടയം: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിരോധ സഹായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കോട്ടയം നഗരസഭ.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ആംബുലന്‍സുകള്‍ ആരംഭിച്ചു. ഇന്ന് ഒരു ആംബുലന്‍സ് കൂടി ലഭ്യമാകും. ഓക്സിജന്‍ സൗകര്യത്തോടു കൂടിയ ആംബുലന്‍സുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.
24 മണിക്കൂറും നഗരവാസികള്‍ക്ക് ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്. നഗരസഭയുടെ മൂന്ന് ഓട്ടോറിക്ഷകളും കാറുകളും ജീപ്പുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. 20 ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ 52 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ നിലവില്‍ വന്നു. ഇതു കൂടാതെ നഗരസഭ ഓഫീസിലെ ഹെല്പ് ഡെസ്ക്കും സജീവമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് വാര് റൂം സജ്ജീകരിച്ചിട്ടുണ്ട്.
നഗരസഭ പ്രദേശത്തെ പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
രോഗികള്‍ക്ക് ടെലി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ പരിധിയില്‍ കോവിഡ് ചികിത്സാ കേന്ദ്രം കൂടുതല്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് നഗരശഭ . ഇതിനായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്കു കത്ത് നല്കി.
നാഗമ്പടം, തിരുനക്കര ബസ്റ്റാന്‍ഡുകൾ, റെയില്‍വേ സ്റ്റേഷന്, തിരുനക്കര മൈതാനം, മുനിസിപ്പല്‍ മൈതാനം എന്നിവിടങ്ങളില്‍ അന്തിയുറങ്ങുന്നവരെ കഴിഞ്ഞ ദിവസം മുട്ടമ്പലത്തേക്കു മാറ്റിയിരുന്നു. ഇവര്‍ക്ക് ഭക്ഷണവും മരുന്നു നഗരസഭയുടെ ആഭിമുഖ്യത്തില്‍ നല്കി വരുന്നതായും നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചു.