കോട്ടയം: ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു പോലീസ് കർശന നടപടി സ്വീകരിച്ചു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, മാസ്ക് കൃത്യമായി ധരിക്കാതിരിക്കുക, വ്യാപാര സ്ഥാപനങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കുക, ക്വാറന്റൈൻ ലംഘനം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നുണ്ട്.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. നിലവിൽ മാസ്ക് കൃത്യമായി ധരിക്കാത്തതിനു പിഴയീടാക്കിയവരുടെയും ക്വാറന്റൈൻ ലംഘിച്ചവരുടെയും ലിസ്റ്റ് പോലീസ് ശേഖരിച്ചുവരികയാണ്.
തുടർന്നും ലിസ്റ്റിലുള്ളവർ മാസ്ക് കൃത്യമായ ധരിക്കാത്തതിനു പിടിക്കപ്പെട്ടാൽ 2000രൂപ പിഴയീടാക്കുമെന്ന് പോലീസ് പറഞ്ഞു. ക്വാറന്റൈൻ ലംഘിച്ചവരുടെ പേരിൽ വീണ്ടും പരാതി ലഭിച്ചാലും നടപടി കർശനമായിരിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിലും പോലീസ് കർശന നിരീക്ഷണമാണ് നടത്തുന്നത്. ഒരു കാരണവശാലും കണ്ടെയന്റ്മെന്റ് സോണുകളിൽ നിന്ന് ആരെയും പുറത്തേക്കോ അകത്തേക്കോ കടത്തിവിടില്ല. കോട്ടയം നഗരത്തിലും മാർക്കറ്റിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസ് ഇന്നലെ പരിശോധകളും ബോധവത്ക്കരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
കടകളിൽ ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കില്ലെന്നും ഇത്തരം സാഹചര്യങ്ങളുണ്ടായാൽ വ്യാപാരികൾ തന്നെ ഉപയോക്താക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും പോലീസ് പറയുന്നു. സ്വകാര്യ ബസുകളിൽ അനുവദനീയമായ പരിധിയിൽ മാത്രമേ യാത്രക്കാരെ കയറ്റാവൂവെന്നും പോലീസ് നിർദേശം നല്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ മുതൽ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകാർക്ക് ആവശ്യമായ നിർദേശം നല്കുകയും വ്യാപാരികളുമായി ചേർന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.