കോഴിക്കോട് : ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അഴിയൂർ സ്വദേശിയായ 42 കാരനാണ് ഒരാൾ. മാഹിയിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സന്പർക്ക പട്ടികയിലുള്ള ആളാണ്. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.
വീട്ടിലുള്ളവരുടെയും കൂടുതൽ സന്പർക്കത്തിലുള്ളവരുടെയും സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയർസെന്ററിൽ നിരീക്ഷണത്തിലാണ്. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റു രണ്ടു പേരിൽ ഒരാൾ മാർച്ച് 18 ന് ദുബായിൽ നിന്ന് വന്നതാണ്. 35 വയസുണ്ട്.
ഇദ്ദേഹത്തിന്റെ പിതാവ് ഏപ്രിൽ 11 നു പോസിറ്റീവ് ആയതിനെ തുടർന്ന് കുടുംബാംഗങ്ങളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിൽ ആണ് ഇദ്ദേഹം പോസിറ്റീവ് ആയത്. മൂന്നാമത്തെ ആളും ഇതേ വീട്ടിൽ തന്നെയുള്ള 19 കാരിയാണ്. ഇവരെല്ലാം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ ആകെ എണ്ണം 16 ആയി. ഇവരിൽ ഏഴു പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാൽ ഒൻപതു പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച നാല് ഇതര ജില്ലക്കാരിൽ രണ്ടു കാസർഗോഡ് സ്വദേശികളും രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ടു കണ്ണൂർ സ്വദേശികൾ ചികിത്സയിലുണ്ട്.
ജില്ലയിൽ ഇന്നലെ 1167 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 6453 ആയി. നിലവിൽ 16,240 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്ന് പുതുതായി വന്ന അഞ്ചു പേർ ഉൾപ്പെടെ ആകെ 29 പേരാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. നാലു പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇന്നലെ 19 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആകെ 556 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 532 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 512 എണ്ണം നെഗറ്റീവ് ആണ്. 16 കോഴിക്കോട് ജില്ലക്കാരും നാല് ഇതര ജില്ലക്കാരും ഉൾപ്പെടെ ആകെ 20 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 11 പേർക്ക് ഇന്ന് കൗണ്സലിംഗ് നൽകി. കൂടാതെ 35 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നൽകി.
ജില്ലയിൽ 4465 സന്നദ്ധ സേന പ്രവർത്തകർ 8865 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. സോഷ്യൽ മീഡിയയിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടർന്നുവരുന്നു. വാട്സ്ആപ്പിലൂടേയും എൻഎച്ച്എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവത്കരണസന്ദേശങ്ങൾ പ്രചരിപ്പിച്ചു.