ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ ആരംഭിച്ചേക്കുമെന്നു മുന്നറിയിപ്പ്.
കേരളത്തിലും മഹാരാഷ്ട്രയിലും മൂന്നാം തരംഗം കൂടുതൽ രൂക്ഷമാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിൽ ആരംഭിക്കുന്ന മൂന്നാം തരംഗം, ഒക്ടോബർ ആകുന്നതോടെ മൂർധന്യാവസ്ഥയിൽ എത്തും.
മൂന്നാം തരംഗം രണ്ടാം തരംഗത്തോളം രൂക്ഷമായിരിക്കില്ല. സാധാരണ നിലയിൽ പ്രതിദിനം ഒരു ലക്ഷം കേസുകളും അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഒന്നര ലക്ഷം കേസുകളും ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ, മറ്റു 17 സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർധനയുണ്ട്.
വാക്സിനേഷൻകൊണ്ടു മാത്രമേ കൂടുതൽ പ്രതിരോധം സാധ്യമാകൂ എന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം തരംഗത്തക്കുറിച്ച് മുന്നറിയിപ്പു നൽകിയ ഹൈദരാബാദ് ഐഐടിയിലെ മധുകുമള്ളി വിദ്യാസാഗർ, കാണ്‍പുർ ഐഐടിയിലെ മനീന്ദ്ര അഗർവാൾ എന്നിവരാണ് മൂന്നാം തരംഗത്തിൽ കൂടുതൽ കരുതിയിരിക്കണം എന്ന മുന്നറിയിപ്പു നൽകുന്നത്.
ഗണിതശാസ്ത്ര മാതൃകയുടെ അടിസ്ഥാനത്തിലായിരുന്നു ഇവർ കോവിഡിന്റെ രണ്ടാം വരവ് എത്രമാത്രം രൂക്ഷമായിരിക്കുമെന്നു പ്രവചിച്ചത്.
ഞായറാഴ്ച രാജ്യത്ത് പുതുതായി 41,831 കോവിഡ് കേസുകളും 541 കോവിഡ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 40,134 കേസുകളും 422 മരണവും റിപ്പോർട്ട് ചെയ്തു.
കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള പത്തു സംസ്ഥാനങ്ങൾക്കു ഞായറാഴ്ചയും കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വകഭേദം വന്ന കോവിഡ് ഡെൽറ്റ വൈറസ് വാക്സിൻ എടുത്തുവരിൽ പോലും ചിക്കൻ പോക്സ് പോലെ പടർന്നുപിടിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ഇന്ത്യൻ സാർസ്-കോവി-2 ജെനോമിക്സ കണ്‍സോർഷ്യത്തിന്റെ വിലയിരുത്തൽ. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതു തന്നെ ഡെൽറ്റ വൈറസിന്റെ വ്യാപനം മൂലമാണെന്നാണ്.
സെബി മാത്യു