കൊല്ലം: കോവിഡ് ബാധിതനായ കുളത്തൂപ്പുഴ സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട കുമരംകരിക്കം സ്വദേശിനിയായ വൃദ്ധയ്ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.കുളത്തൂപ്പുഴ സ്വദേശിയുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഏർപ്പെട്ട 13 പേരിൽ ഒരാളാണ് വൃദ്ധ .
ഇനി പട്ടികയിലുള്ള ജനപ്രതിനിധി ഉൾപ്പടെയുള്ളവരുടെ ഫലം ഇന്ന് വരുമെന്നാണ് സൂചന. കുളത്തൂപ്പുഴയിൽ നിലവിൽ രണ്ട് പേർക്ക് രോഗം കാണപ്പെട്ടതോടെ പ്രദേശത്ത് ആശങ്ക പരന്നിരിക്കുകയാണ്.
കോവിഡ് ബാധ സ്ഥിരീകരിച്ച വൃദ്ധ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇവർ 13 ഓളം വീടുകളിൽ സമ്പർക്കത്തിലേർപ്പെട്ടതായി വിവരം ലഭിച്ചതോടെ അവരെ നിരീക്ഷണത്തിലാക്കും.
21 നാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ വൃദ്ധയെ സ്രവ പരിശോധനയ്ക്ക് എത്തിച്ചത്. ഇന്നലെയാണ് ഫലം വന്നത്. പ്രദേശത്ത് സമൂഹ വ്യാപനമില്ലെന്നാണ് വിലയിരുത്തൽ. ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ ആദിവാസി കോളനിയിൽ 20 പേരെ ഇതിനകം നിരീക്ഷണത്തിലാക്കി.
വനവിഭവങ്ങൾ വിൽക്കാൻ തമിഴ്നാട്ടിൽ പോയവരുൾപ്പെടെയുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്.ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ പ്രദേശങ്ങളിലെ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.
ചരക്കു ലോറിയിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച ഒരാളെ പോലീസ് പരിശോധനക്കിടയിൽ പിടികൂടി നിരീക്ഷണത്തിനു വിട്ടു.നിരവധി പേരാണ് ചരക്കു വാഹനത്തിൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായിട്ടുള്ളത്.