എസ്.ആർ.സുധീർകുമാർ
കൊല്ലം: കുളത്തൂപ്പുഴയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 41 ആയി ഉയർന്നു. കൈതക്കോട് സ്വദേശി വയോധിക (58), ഇവരുടെ മകൾ (36), യുവതിയുടെ മക്കളായ ഒന്നും നാലും വയസുള്ള പെൺകുട്ടികൾ എന്നിവരാണ് ഇന്നലെ രോഗബാധിതർ ആയത്.
ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നാലു പേരും 16-ന് അബുദാബി -തിരുവനന്തപുരം വിമാനത്തിൽ വന്നവരാണ്. നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ സമീപം ഇരുന്നാണ് ഇവർ വിമാനത്തിൽ യാത്ര ചെയ്തത്. ഫ്ലൈറ്റിൽ കൊല്ലം ജില്ലക്കാരായ 67 പേരാണ് ഉണ്ടായിരുന്നത്.
സെന്റിനന്റൽ സർവയിലൻസിന്റെ ഭാഗമായി എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്തിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ചതോടെ ഈ കുടുംബത്തെ നിരീക്ഷണത്തിലാക്കി. പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
അതിർത്തികൾ വഴി വാഹനങ്ങളിലും ട്രെയിൻ മാർഗവും ദിനംപ്രതി നിരവധി പേരാണ് ജില്ലയിൽ എത്തുന്നത്. കൊല്ലത്ത് എത്തുന്ന പ്രവാസികളുടെ എണ്ണത്തിലും വർധനയുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്.
നിരത്തുകളിലും വ്യാപാര കേന്ദ്രങ്ങളിലും തിരക്ക് വർധിച്ച സാഹചര്യത്തിൽ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ അഭ്യർഥിച്ചു. അതേ സമയം ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി.
ഇന്നലെ 2507 വോളണ്ടിയർമാർ 13727 വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി. ഇപ്പോൾ ജില്ലയിൽ ആകെ 5478 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 5454 പേരും വീടുകളിലാണ്. ആശുപത്രികളിൽ 24 പേരും നിരീക്ഷണത്തിൽ കഴിയുന്നു.
വീട്ടു നിരീക്ഷണത്തിൽ നിന്ന് 295 പേരെ ഒഴിവാക്കി പുതുതായി 442 പേരെ ഉൾപ്പെടുത്തി. ആശുപത്രികളിൽ നിന്ന് അഞ്ചു പേരെ ഡിസ്ചാർജ് ചെയ്തു. ഏഴു പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.