ഗാന്ധിനഗർ: വയനാട്ടിൽ കോവിഡ് 19 സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കുറവിലങ്ങാട് വയലായിലുള്ള ഭാര്യ വീട്ടിലും എത്തിയിരുന്നു. നഴ്സായ ഇയാളുടെ ഭാര്യമാതാവ് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന നഴ്സസ് ദിനാഘോഷത്തിലും പങ്കെടുത്തു. ഇതോടെ ആശങ്ക വർധിച്ചു.
കഴിഞ്ഞ ഒന്പതിനാണ് പോലീസുകാരൻ വയലായിലുള്ള ഭാര്യവീട്ടിൽ എത്തിയത്. തുടർന്നു 10നു ഇയാൾ ഭാര്യയുമായി വയനാട്ടിലേക്ക് പോകുകയും ചെയ്തു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സായ പോലീസുകാരന്റെ ഭാര്യമാതാവ് കഴിഞ്ഞ 12ന് മെഡിക്കൽ കോളജിൽ നടന്ന നഴ്സസ് ദിനാഘോഷത്തിലാണ് പങ്കെടുത്തത്.
വയനാട്ടിലെത്തിയശേഷം 13നു പോലീസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ ഭാര്യ ക്വാറന്റൈനിൽ പോയി. പോലീസുകാരൻ വയലായിലെ ഭാര്യവീട്ടിലെത്തി ഒരു ദിവസം കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ നഴ്സസ് ദിനാഘോഷത്തിൽ ഇയാളുടെ ഭാര്യമാതാവ് പങ്കെടുത്തതാണ് ആശങ്കയുണ്ടാക്കുന്നത്.
ഗൈനക്കോളജി വിഭാഗത്തിലും കുട്ടികളുടെ ആശുപത്രിയിലുമുള്ള നവജാത ശിശുക്കൾക്കു തുള്ളി മരുന്ന് കൊടുക്കുന്ന ജോലിയാണ് ഇവർ ചെയ്തിരുന്നത്.
ദിനാഘോഷം നടന്ന ദിവസം ഇവർ ആരൊക്കെയായി ഇടപെട്ടുവെന്നതിനെക്കുറിച്ച് ആർക്കും കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.