മങ്കൊന്പ് : സന്പർക്കത്തിലൂടെ പുതിയ രോഗബാധ കണ്ടെത്തിയതോടെ കുട്ടനാട് വീണ്ടും കോവിഡ് ഭീഷണിയിൽ. കുട്ടനാടിന്റെ വടക്കൻ പ്രദേശങ്ങളായ കാവാലം, നീലംപേരൂർ ഗ്രാമപഞ്ചായത്തുകളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തത്.
കാവാലം സ്വദേശിയായ 27 കാരൻ, ഇയാളുടെ അറുപതു വയസുള്ള അമ്മ എന്നിവരാണ് ഇന്നലെ നടന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവായത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ നീലംപേരൂർ ഗ്രാമപഞ്ചായത്തിൽ യുവാവിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
മത്സ്യ വിൽപ്പനക്കാരനായ കാവാലം സ്വദേശി മീനെടുക്കാൻ ചങ്ങനാശേരി മാർക്കറ്റിലെത്തിയതിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ചങ്ങനാശേരി മാർക്കറ്റിൽ രോഗവ്യാപനം ശക്തമായോടെ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
തുടർന്ന് മാർക്കറ്റുമായി ബന്ധപ്പെട്ടിരുന്ന 21 പേരുടെ പരിശോധന ഇന്നലെ നടത്തിയതിനെത്തുടർന്നാണ് ഇയാൾക്കു രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് യുവാവിന്റെ അമ്മയെയും പരിശോധനാ വിധേയമാക്കിയപ്പോൾ ഫലം പോസിറ്റീവാകുകയായിരുന്നു.
ഇതോടെ അടിന്തരമായി പഞ്ചായത്തുതല നിരീക്ഷണ സമിതി യോഗം ചേർന്ന് പഞ്ചായത്തു പ്രദേശം അടച്ചിടുവാനുള്ള അനുമതിക്കായി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. യുവാവ് മത്സ്യ വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന പഞ്ചായത്തിന്റെ ഒന്നു മുതൽ ഒന്പതു വരെയുള്ള വാർഡുകളാണ് അടയ്ക്കാൻ നിർദേശിച്ചിരിക്കുന്നത്.
അതേസമയം പഞ്ചായത്തിന്റെ കുന്നുമ്മ, വടക്കൻ വെളിയനാട് പ്രദേശങ്ങൾ ഇതിൽ നിന്ന് ഒഴിവാകും. നീലംപേരൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
ചിങ്ങവനത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് വീട്ടിൽ തിരികെയെത്തിയ യുവാവിന് ജലദോഷം അനുഭവപ്പെട്ടതോടെ സ്വയം പരിശോധനയ്ക്കു വിധേയമാകുകയായിരുന്നു.
വാർഡിന്റെ വിവിധ പ്രദേശങ്ങളിലുള്ളവരുമായി യുവാവ് സന്പർക്കം പുലർത്തിയതായി വ്യക്തമായതോടെ നിരീക്ഷണ സമിതി കൂടിയിരുന്നു. യുവാവുമായി ബന്ധം പുലർത്തിയവരെ പരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷം കൂടുതൽ നടപടികളിലേക്കു കടക്കും.
പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിൽ രോഗബാധിതരായ ദന്പതികളുടെ സന്പർക്കപട്ടികയിലുള്ളവരെ ഇന്നലെ പരിശോധനയ്ക്കു വിധേയമാക്കി. ഈ 50 പേരുടെയും പരിശോധനാഫലം നെഗറ്റീവായത് ആശങ്കകൾക്കിടയിലും കുട്ടനാടിന് ആശ്വാസമായി.