തുറവൂർ: തുറവൂർ സർക്കാർ താലൂക്ക് ആശുപത്രിയിൽ ട്രൂ നാറ്റ് ലാബിൻ്റെ പ്രവർത്തനം ആരംഭിച്ചു. സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 13 ലക്ഷം രൂപയും ചെലവിട്ടാണ് ട്രൂ നാറ്റ് ലാബ് സജ്ജീകരിച്ചത്.
ലാബിലേക്ക് ആവശ്യമായ ജീവനക്കാരെ ദേശീയ ആരോഗ്യ ദൗത്യ വിഭാഗമാണ് നിയമിക്കുന്നത്. ഒരു മൈക്രോബയോളജിസ്റ്റിനേയും നാല് ലാബ് ടെക്നീഷ്യന്മാരേയും ആണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
രാവിലെ 10 മുതൽ പ്രവർത്തനം ആരംഭിക്കുന്ന ലാബിൽ ഒരു സാമ്പിൾ പരിശോധിക്കുന്നതിന് ഒന്നര മുതൽ മൂന്ന് മണിക്കൂർ വരെ സമയം വേണം. ഒരേ സമയം നാല് സാമ്പിളുകൾ പരിശോധിക്കാൻ കഴിയും.
അതേസമയം ജീവനക്കാരുടെ എണ്ണം കൂട്ടുന്ന മുറയ്ക്ക് ലാബിൻ്റെ പ്രവർത്തന സമയം കൂട്ടാൻ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. റൂബി പറഞ്ഞു.
ഇപ്പോൾ പ്രധാനമായും ഗർഭിണികളുടേയും മെഡിക്കൽ ലീഗൽ കേസുകളുടേയും സ്രവങ്ങളാണ് ട്രൂ നാറ്റിലൂടെ പരിശോധിക്കുന്നത്. പരിശോധന നടത്തേണ്ട സ്രവങ്ങൾ അതാത് ആശുപത്രികളിൽ ശേഖരിച്ച് തുറവൂരിലെത്തിച്ച് ട്രൂനാറ്റ് വഴിയാണ് ചെയ്യുന്നത്.
രാവിലെ 10 ന് മുമ്പു് എത്തിക്കുന്ന സാമ്പിളുകളുടെ പരിശോധനാ ഫലം വൈകുന്നേരത്തോടെ അറിയാൻ സാധിക്കും. നിശ്ചിത സമയത്തിന് ശേഷം എത്തുന്ന സാമ്പിളുകളുടെ ഫലം പിറ്റേ ദിവസമേ നൽകാൻ കഴിയൂ എന്നു ആശുപത്രി സൂപ്രണ്ട് അറിയിച്ചു.