മുംബൈ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ടെലിവിഷന്‍ പരിപാടിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുക എന്ന സാധ്യത തള്ളിക്കളയാനാകില്ല. ജനങ്ങൾ അലംഭാവം കാണിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്വ്യവസ്ഥയ്ക്കാണോ ശ്രദ്ധിക്കേണ്ട്- താക്കറെ ചോദിച്ചു.
കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ 15 ദിവസത്തിനുളളില്‍ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകാതെ വരും. ഇക്കാര്യം ഞാന്‍ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ ഞാന്‍ ലോക്ഡൗണിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്.
ആളുകളോട് സംസാരിച്ച് രണ്ടുദിവസത്തിനുളളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല.-താക്കറെ വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. വെള്ളിയാഴ്ച മാത്രം 47,827 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.