മാഹി: മാഹിയിൽ നാല് ആരോഗ്യപ്രവർത്തകർക്കും പള്ളൂർ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലും പള്ളൂരിലും കർശന ജാഗ്രത.
പള്ളൂർ സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള പോലീസുകാർ നിരീക്ഷണത്തിലായി. സ്റ്റേഷന്റെ പ്രധാന കവാടം അടച്ചു. പന്തക്കൽ, മാഹി പോലീസ് സ്റ്റേഷനുകളിലെ രണ്ട് പോലീസുകാരെ താത്കാലിക ഡ്യൂട്ടിയ്ക്ക് നിയോഗിച്ചു.
ഇവരെ മാഹി ഗവ.ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാഹി വീണ്ടും ആശങ്കയിലായിരിക്കുകയാണ്. പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പള്ളൂർ കവല, മൂന്നങ്ങാടി, പുത്തനമ്പലം റോഡുകൾ പൂർണമായും അടച്ചു. പള്ളൂർ പോലീസ് സ്റ്റേഷൻ മാഹി ഫയർ ഫോഴ്സ് എത്തി അണുവിമുക്തമാക്കി. റാൻഡം പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
പള്ളൂർ ടൗണും പരിസരവും കണ്ടെയ്ൻമെന്റ് സോണാക്കി അഡ്മിനിസ്ട്രേറ്റർ ഉത്തരവിട്ടു.അടിയന്തര സാധനങ്ങളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനും മാത്രമെ അനുമതിയുള്ളു.
തിങ്കളാഴ്ച്ച പള്ളൂരിലെ ചെരിപ്പുകട ജീവനക്കാരൻ, ഓട്ടോ ഡ്രൈവർ, മാഹി ആയുർവേദ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അവലോകന യോഗങ്ങളിൽ പ്രിൻസിപ്പൽ പങ്കെടുത്തതിനാൽ മാഹി എംഎൽഎ ഡോ.വി.രാമചന്ദ്രൻ, റീജിയണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ സമ്പർക്കത്തിന്റെ അടിസ്ഥാനത്തിൽ നിരീ ക്ഷണത്തിലുമായിരിക്കുകയാണ്.