തിരുവല്ല: കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപിക കുറ്റപ്പുഴ പുതുപ്പറമ്പില്‍ മഹിളാമണി (60) യെയാണ് ഇന്നലെ രാവിലെ ഏഴോടെ വിടിന്റെ പിന്‍വശത്തെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.
രാവിലെ ആറോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നല്‍കാനായി അടുക്കളയിലേക്ക് പോയ മഹിളാമണിയെ ഏറെ നേരമായും കാണാതായതിനേ തുടര്‍ന്ന് തിരക്കിയെത്തിയ ശശിയാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞശേഷം ബന്ധുക്കള്‍ക്കൊപ്പം മഹിളാമണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മഹിളാമണിക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പോലീസ് പറഞ്ഞു.