കേരളത്തില്‍ കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍ രോഗബാധിതരില്‍ ഭൂരിഭാഗവും യുവാക്കള്‍. രോഗപ്രതിരോധശേഷി കൂടുതലായതിനാല്‍ യുവാക്കളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തലിനിടെ കോഴിക്കോട് നിന്നും പുറത്തു വരുന്ന കണക്കുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.
കോവിഡ് ബാധ ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ച 63 ശതമാനവും 40ന് താഴെയുള്ളവരാണെന്നാണ് ആരോഗ്യവിഭാഗം പുറത്തുവിടുന്ന വിവരം. രോഗം ബാധിച്ചവരില്‍ 72 ശതമാനത്തിനും ലക്ഷണങ്ങളില്ല. 20 നും 40 നും ഇടയില്‍ പ്രായക്കാരില്‍ രോഗം സ്ഥിരീകരിച്ചത് 41 ശതമാനം പേര്‍ക്കാണ്.
40നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ വെറും 29 ശതമാനമാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ രോഗബാധ ഒമ്പതു ശതമാനം മാത്രമാണ്. 10 നും 20 നും ഇടയില്‍ പ്രായത്തിലുള്ളവരില്‍ 12 ശതമാനമേ രോഗബാധിതരുള്ളൂ.
എന്നാല്‍ കോഴിക്കോട്ട് സംഭവിച്ച കോവിഡ് മരണങ്ങളില്‍ 72 ശതമാനം ആളുകളും 60നു മുകളിലുള്ളവരാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ വലിയ വീഴ്ച വരുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജോലി ചെയ്യുന്നവരും സാമൂഹ്യമായ ഇടപെടലുകള്‍ നടത്തുന്നവരുമായ യുവാക്കള്‍ കൂടുതലായി പുറത്തിറങ്ങുന്നതും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതുമാണ് യുവാക്കളിലെ കൂടിയ രോഗബാധയ്ക്കു കാരണമെന്ന് വിലയിരുത്തുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളിലും മരണസംഖ്യ ഏറ്റവും കൂടുതല്‍ 45 വയസ്സിന് മുകളിലുള്ളവരും രോഗബാധിച്ചവരില്‍ കൂടുതലും 40 വയസ്സില്‍ താഴെ പ്രായമുള്ളവരുമാണ്.
രോഗ ബാധിതരിലെ 62.5 ശതമാനമാണ് 40 വയസ്സില്‍ താഴെയുള്ളവര്‍. മരണമടഞ്ഞ 88 ശതമാനവും 45 ന് മുകളിലുള്ളവരാണ്. ആശുപത്രികളില്‍ പ്രവേശിപ്പിച്ച രണ്ടുലക്ഷം പേരുടെ സ്ഥിതിവിവര കണക്കുകള്‍ വെച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.