കോട്ടയം: യാതൊരു മുന്നറിയിപ്പും നൽകാതെ കോവിഡ് ബ്രിഗേഡുകളെ പിരിച്ചുവിട്ട സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കോവിഡ് ബ്രിഗേഡ്സ് എംപ്ലോയീസിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ കോട്ടയത്ത് പ്രവർത്തകർ കണ്ണുകെട്ടി മൗനമായി പ്രതിഷേധിച്ചു.
കോട്ടയം തിരുനക്കര മൈതാനം, കൊച്ചി മറൈൻ ഡ്രൈവ്, കോഴിക്കോട് മാനാംചിറ എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങളിലായിരുന്നു സംസ്ഥാനതലത്തിൽ സമരപരിപാടി.
കോവിഡ് ബ്രിഗേഡ് പാക്കേജുകളിൽ ഉൾപ്പെട്ടതും അല്ലാത്തതുമായവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി തന്നു തീർപ്പാക്കണമെന്നാവശ്യപ്പെട്ടും അപ്രതീക്ഷിതമായി മുന്നറിയിപ്പില്ലാതെ ജോലിയിൽനിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം.
തികഞ്ഞ സേവന മനോഭാവത്തോടെ, തുച്ഛമായ ശന്പളത്തിൽ 24 മണിക്കൂറും ആവശ്യത്തിനു വിശ്രമമില്ലാതെ കഴിഞ്ഞ രണ്ടു വർഷമടുത്ത് ജോലി ചെയ്ത ബ്രിഗേഡുകളെ മാലാഖമാർക്ക് സമമായി കണ്ടു കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ സംയുക്തമായി വിവിധങ്ങളായ ആനുകൂല്യങ്ങളും നൽകിയിരുന്നതാണ്.
എന്നാൽ അംഗീകാരങ്ങളോ പ്രശംസാപത്രങ്ങളോ ഇല്ലാതെ ഒരു മുന്നറിയിപ്പ് നോട്ടീസോ അവസാന മാസങ്ങളിലെ കൂലിയോ പോലുമില്ലാതെയാണ് ബ്രിഗേഡ്സുകളെ പിരിച്ചു വിട്ടതെന്ന് കോവിഡ് ബ്രിഗേഡ്സ് എംപ്ലോയീസ് ഭാരവാഹികൾ പറഞ്ഞു.
കുടിശികയുള്ള ഇൻസെന്റീവ്സും റിസ്ക് അലവൻസും പെട്ടെന്ന് ഒറ്റത്തവണയായി തീർപ്പാക്കുക, പിഎസ്സി പരീക്ഷകളിൽ 30 ശതമാനം ഗ്രേസ് മാർക്ക് നൽകുക, പ്രായപരിധി കഴിഞ്ഞവർക്കു പ്രത്യേക പരിഗണന നൽകുക, ആരോഗ്യ – പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ കോവിഡ് ബ്രിഗേഡുകൾക്കു മുൻഗണന നൽകുക, കോവിഡ് ബ്രിഗേഡ് പാക്കേജുകളിലെ പ്രഖ്യാപിക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.