മലപ്പുറം: അബുദാബിയിൽ നിന്നു കഴിഞ്ഞദിവസം നെടുന്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ മലപ്പുറം സ്വദേശിയായ യുവാവിനു കോവിഡ് ബാധയുള്ളതായി കണ്ടെത്തി. മേയ് ഏഴിനു അബുദാബിയിൽ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയായ മുപ്പത്തിനാലുകാരനാണ് രോഗബാധയെന്നു മലപ്പുറം ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
ഇയാൾ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എടപ്പാൾ നടുവട്ടം സ്വദേശി കളമശേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ തുടരുന്നുണ്ട്.
ഇതിൽ ചാപ്പനങ്ങാടി സ്വദേശി ദുബായിൽ നിന്നും നടുവട്ടം സ്വദേശി അബുദാബിയിൽ നിന്നും മേയ് ഏഴിനു തന്നെ തിരിച്ചെത്തിയവരാണ്. ഇതോടെ മലപ്പുറം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി.
മേയ് ഒന്പതിനു രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികൾ കോഴിക്കോട്, കളമശേരി മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിലായതിനാൽ ഇവർ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ നേരത്തെ അറിയിച്ചിട്ടുണ്ട്.
21 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം ഭേദമായത്. ഇതിൽ കീഴാറ്റൂർ പൂന്താനം സ്വദേശി തുടർ ചികിത്സയിലിരിക്കേ മരിച്ചു. 20 പേർ രോഗം ഭേദമായി വീടുകളിലേക്കു മടങ്ങി. നാലു മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കേ മരിച്ചത്.