കോഴിക്കോട്: അതിസുരക്ഷാ ജയിലില്‍ താമസിച്ചിരുന്ന മാവോയിസ്റ്റ് നേതാവിന് കോവിഡ് . വിയ്യൂര്‍ ജയിലില്‍ കഴിയുകയായിരുന്ന കോയമ്പത്തൂര്‍ രാമനാഥപുരം സ്വദേശി ഡാനിഷിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
ഡാനിഷിനെ കോഴിക്കോട് കോടതിയില്‍ എത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ഭീകരവിരുദ്ധ സേനാ (എടിഎസ്) ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ക്രൈംബ്രാഞ്ചിലെ 10 പേരും പ്രതിയെ താമസിപ്പിച്ച ടൗണ്‍സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ അഞ്ച് പേരും നിരീക്ഷണത്തിലായി.
വിയ്യൂരില്‍നിന്ന് കഴിഞ്ഞ എട്ടിന് രാത്രിയാണ് ഡാനിഷിനെ കോഴിക്കോടെത്തിച്ചത്. ടൗണ്‍സ്റ്റേഷനിലെ ലോക്കപ്പില്‍ താമസിപ്പിക്കാന്‍ എടിഎസിന് അനുമതിയും നല്കി.
കോവിഡ് വ്യാപനത്തെ ത്തുടര്‍ന്ന് സിഐ ഓഫീസിലെ ലോക്കപ്പിലായിരുന്നു പ്രതികളെ താമസിപ്പിച്ചിരുന്നത്. എന്നാല്‍ ഇവിടെ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡാനിഷിനെ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു.
വിയ്യൂര്‍ ജയിലില്‍നിന്ന് കൊണ്ടു വരുന്ന വഴി ഡാനിഷിന് മെഡിക്കല്‍കോളജില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. ഇൗ പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും കോഴിക്കോട് ജയിലിലേക്ക് കൊണ്ടുപോവും വഴി നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്.
ഇയാളെ മെഡിക്കല്‍കോളജിലേക്ക് മാറ്റി. കോടഞ്ചേരി കുരോട്ടുപാറയില് രണ്ട് കുടുംബങ്ങളെ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയ കേസിലാണ് എടിഎസ് ഡാനിഷിനെ അറസ്റ്റ് ചെയ്തത്.