മയ്യിൽ:കോവിഡ് കാലത്ത് മിന്നു കെട്ടിയതിനാൽ പതിനാലുദിവസം ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് വരനായ പൊയ്യൂരിലെ ലോറി ഡ്രൈവർ റിനീഷും വധുവായ കുടകിലെ ശശികലയും.
ഇന്നലെയാണ് പൊയ്യൂർ കയരളംമെട്ടയിലെ പുത്തലത്ത് വീട്ടിൽ രാജന്റെ കൗസു ദമ്പതികളുടെ മകനായ റിനീഷിന്റെ വിവാഹം നടന്നത്. വധൂവരന്മാർ വീട്ടിലെത്തിയപ്പോൾ ബന്ധുക്കൾ അവരെ സ്വീകരിക്കാൻ നിലവിളക്ക് കത്തിച്ചു വച്ച് ദൂരെ മാറിനിന്നു. അകലെനിന്നാണ് നാട്ടുകാരും ബന്ധുക്കളും ആശീർവദിച്ചത്.
പിന്നീട് ഇരുവരും സർക്കാർ പ്രോട്ടോകോൾ പ്രകാരം 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ട വീട്ടിൽ കയറിയിരിക്കുകയാണ്.അഞ്ചുമാസം മുമ്പ് വിവാഹമുറപ്പിച്ച പെണ്ണിനെ സ്വന്തമാക്കാൻ റിനീഷ് യാത്രചെയ്തത് 360 കിലോമീറ്ററായിരുന്നു. മാക്കൂട്ടം ബോർഡർ വഴി പാസ് ലഭിക്കാത്തതിനെ തുടർന്നാണ് 150 കിലോമീറ്റർ മാത്രമുള്ള സ്ഥലത്ത് എത്തിച്ചേരാൻ 360 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്നത്.
കർണാടകയിലെ മൈസൂർ-കുടക് അതിർത്തിഗ്രാമത്തിലെ മുള്ളൂരിലെ ശശികലയെ വിവാഹം കഴിക്കാനാണ് റിനീഷ് ഇത്രയും ദൂരം തനിച്ച് യാത്ര നടത്തിയത്. ബുധനാഴ്ച അർദ്ധരാത്രിയോടെ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വധുഗൃഹത്തിനു സമീപത്തെ ബന്ധു വീട്ടിലെത്തി താമസിച്ചു. ഇന്നലെ വധുവിന്റെ നാട്ടിലെ ആചാരപ്രകാരം ശശികലക്ക് മിന്നുചാർത്തി.
കോവിഡ് വ്യാപനത്തിന് മുമ്പ് ഇരുവീട്ടുകാരും പരസ്പരം സന്ദർശിച്ച് ഉറപ്പിച്ചവിവാഹം ആയിരുന്നു ഇവരുടേത്. എന്നാൽ കോവിഡ് വ്യാപിച്ചതോടെ വിവാഹം വൈകുകയായിരുന്നു.
ഇതിനിടെ ഇരുവരും നടത്തിയ ഫോൺവിളികളിലാണ് വിവാഹത്തിന് ഏകനായെങ്കിലും എത്തി താലികെട്ടുമെന്ന് റിനീഷ് ഉറപ്പിച്ചത്.
ക്വാറന്റീനിൽ കഴിയാനുള്ള ഭയം മൂലമാണ് റിനീഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും വിവാഹത്തിന് പങ്കെടുക്കാൻ തയാറാവാതിരുന്നത്.
വിവാഹത്തിനുശേഷം വധുവരന്മാരെ മുത്തങ്ങ ചെക്ക് പോസ്റ്റ് വരെ കർണാടകയിലെ ആൾക്കാർ അനുഗമിക്കുകയും ചെയ്തിരുന്നു. അവരും നിരീക്ഷണത്തിലേക്ക് മാറി.