കോവിഡ് കാരണം ആളുകൾ പല ചടങ്ങുകളും ഉപേക്ഷിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ ഇന്നോ നാളയോ കഴിയുമെന്ന പ്രതീക്ഷയോടെയായിരുന്നു ഇതെല്ലാം. എന്നാല് സംഗതി പ്രതീക്ഷിച്ചപോലെയായിരുന്നില്ല.
വൈറസ് ലോകമെന്പാടും വ്യാപിച്ചു. മാത്രമല്ല ഇതുവരെ ഫലപ്രദമായ മരുന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല. ഇതോടെ വൈറസിനൊപ്പം, കരുതലോടെ ജീവിക്കുക എന്ന നിലയിലേക്കെത്തി കാര്യങ്ങൾ.
ആളുകളുടെ എണ്ണം കുറച്ചും സാമൂഹ്യ അകലം പാലിച്ചും പല പരിപാടികളും നടത്തിത്തുടങ്ങി. വിവാഹങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ ഇപ്പോൾ നടക്കുന്നത്.
ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയും ആഘോഷങ്ങൾ കുറച്ചുമാണ് ഇപ്പോൾ വിവാഹങ്ങൾ. എന്നാൽ വിവാഹം അടുത്ത സമയത്ത് വധുവിന് കോവിഡ് ബാധിച്ചാലോ?
സാധാരണനിലയിൽ ഇത്തരമൊരു സാഹചര്യത്തിൽ ചടങ്ങ് മാറ്റിവയ്ക്കാതെ നിർവാഹമില്ല. എന്നാൽ വ്യത്യസ്തമായ രീതിയിൽ വിവാഹം നടത്തിയിരിക്കുകയാണ് കലിഫോണിയ സ്വദേശികൾ. പാട്രിക് ഡെൽഗാഡോയും ലൗറൻ ജിംനെസുമാണ് ഇതിലെ താരദന്പതികൾ.
വിവാഹത്തിനുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തതിനു ശേഷമാണ് ലൗറയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ വിവാഹവുമായി മുന്നോട്ടു പോകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
2019 മേയിലായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. 2020ൽ വിവാഹം കഴിക്കണമെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ കോവിഡ് വില്ലനായി രംഗത്ത് വരുകയായിരുന്നു.
ഇതോടെ മൂന്നു തവണ വിവാഹം മാറ്റിവച്ചു. ഇനിയും വിവാഹം നീട്ടിവയ്ക്കുന്നില്ലെന്ന് ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു.
ലൗറ ക്വാറന്റീനിൽ കഴിയുന്ന വീടും പരിസരവുമായിരുന്നു വിവാഹത്തിന് വേദിയായത്.
വിവാഹവേഷം ധരിച്ച് വധു ജനാലയുടെ അടുത്തുവന്നു നിന്നു. വീടിന് പുറത്ത് ജനാലയുടെ മുമ്പിലായി വരനും സംഘവും നിലയുറപ്പിച്ചു. കൈകൾ കോർത്തു പിടിക്കാനാവാത്തതിനാൽ അലങ്കരിച്ച റിബണിന്റെ അറ്റങ്ങൾ പിടിച്ചാണ് ഇരുവരും നിന്നത്.
ഇതിനായി മുപ്പത് മീറ്റർ നീളത്തിൽ പ്രത്യേക റിബൺ തയാറാക്കി. തുടർന്ന് ചടങ്ങുകൾ പൂർത്തിയാക്കി പൂർത്തിയാക്കി. വിവാഹത്തിൽ നേരിട്ട് 10 പേർ മാത്രമാണ് പങ്കെടുത്തത്.
വിവാഹം നടന്നതിന്റെ പരിസരത്തും മറ്റുമായി കാറിലാണ് മറ്റുള്ളവർ പങ്കെടുത്തത്.വ്യത്യസ്തമായ ഈ വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലാണ്.