മാവേലിക്കര: വരനില്ലാതെ വധുവിന്റെ താലികെട്ട് നടന്നു. കട്ടച്ചിറ കൊച്ചു വീട്ടില്‍ വടക്കതില്‍ തങ്കമണി – സുദര്ശനന് ദമ്പതികളുടെ മകള്‍ സൗമ്യ, ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ രാധാമണി – സുധാകരന് ദമ്പതികളുടെ മകന് സുജിത്ത് സുധാകരന് എന്നിവര്‍ തമ്മിലുള്ള വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ ഇന്നലെ നടന്നത്.
വരന്റെ അകന്ന ബന്ധത്തിലുള്ള സഹാദരിയാണ് വധുവിന് ഹാരം ചാര്‍ത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുജിത്തിന് കോവിഡ് സ്ഥിതീകരിച്ചത്. കല്യാണ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വരന്റെ സാന്നിധ്യമില്ലാതെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് മുട്ടക്കുളം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പാലിച്ച് ആളുകള്‍ സന്നിഹിതരായിരുന്നു. വിവാഹ ശേഷം മാവേലിക്കരയിലെ ക്വാറന്റൈൻ സെന്ററില്‍ നിന്ന് വീഡിയോ കോള്‍ വഴി വധുവിന് വരന് സുജിത്തിന്റെ മംഗളാശംസകളുമെത്തി.
സുജിത്തിന്റെ കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. കോവിഡ് രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിവാഹം നടന്നത്.