വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ നിർണായക ചുവടുവച്ച് യുഎസ്. കോവിഡിനെതിരെ ഉപയോഗിക്കുന്നതിനായി പരീക്ഷിച്ചറിഞ്ഞ റെംഡെസിവിർ മരുന്നിന് യുഎസ് അംഗീകാരം നൽകി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
ഗെലിയാദ് സയൻസസ് കമ്പനിയാണ് ആന്റിവൈറൽ മരുന്നായ റെംഡെസിവിർ വികസിപ്പിച്ചത്. മരുന്നിന്റെ ക്ലിനിക്കൽ പരിശോധനകളിൽ കോവിഡ് രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു. ആദ്യമായാണ് ഏതെങ്കിലുമൊരു മരുന്ന് കോവിഡിനെതിരെ ഫലപ്രഥമായി ഉപയോഗിക്കാമെന്ന് കണ്ടെത്തുന്നത്.
ഇത് ശരിക്കും പ്രതീക്ഷ നൽകുന്ന സാഹചര്യമാണെന്ന് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോടായി ട്രംപ് പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഗെലിയാദ് സിഇഒ ഡാനിയൽ ഓഡേയും ഉണ്ടായിരുന്നു. മരുന്നിന്റെ 1.5 ദശലക്ഷം ഡോസുകൾ സൗജന്യമായി നൽകുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കുത്തിവെയ്പ്പ് വഴിയാണ് റെംഡെസിവിര്‍ രോഗികളിലെത്തിക്കുക. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ചേര്‍ന്ന ചില രോഗികള്‍ക്ക് ഇതിനകം തന്നെ മരുന്ന് ലഭ്യമാക്കിയിരുന്നു. അംഗീകാരം ലഭിച്ചതോടെ മുതിര്‍ന്നവരിലും കുട്ടികളിലുമടക്കം ഇതിനി യുഎസില്‍ വ്യാപകമായി ഉപയോഗിക്കും.