പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഇനി ബോധവത്കരണം ഇല്ലെന്നും അറസ്റ്റ് ചെയ്ത് പിഴ ഈടാക്കുമെന്നും ജില്ലാപോലീസ് മേധാവി കെ. ജി. സൈമണ്‍. കേരള പൊതുജനാരോഗ്യ നിയമം, പകർച്ചവ്യാധി നിരോധനനിയമം, ഇന്ത്യൻ പീനൽ കോഡിലെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവചേർത്തു കേസെടുക്കും.
10000 രൂപ വരെ പിഴ ചുമത്താം. പിഴ അടച്ചില്ലെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. കൂടുതൽ യാത്രികരുമായിപോകുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. വിദേശത്തുനിന്നു വരുന്നവർ നേരെ വീടുകളിലേക്കുപോയി ക്വാറന്റീനിൽ കഴിയുന്നതിനു നിരീക്ഷണം ശക്തമാക്കും.
ലോക്ക് ഡൗണ്‍ ഇളവുകളുടെ ദുരുപയോഗം തടയും. സാമൂഹികഅകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർക്കെതിരേ ശക്തമായ നടപടികൾ തുടരും.
ലോക്ക്ഡൗണ്‍ നിബന്ധനകൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 80 കേസുകളിലായി 81 പേരെ അറസ്റ്റ് ചെയ്യുകയും 26 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
മാസ്ക് ധരിക്കാത്തതിന് 96 പേർക്കെതിരേ നോട്ടീസ് നൽകിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ക്വാറന്റൈൻ ലംഘനത്തിന് കീഴ് വായ്പൂര് പോലീസ് ഒരു കേസെടുത്തിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പ് വിദേശത്തുനിന്നെത്തി കല്ലൂപ്പാറ കടുവക്കുഴിയിൽ വാടകയ്ക്ക് താമസിച്ചുവന്നയാൾ ക്വാറന്റൈൻ ലംഘിച്ചു പുറത്തിറങ്ങി നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഇയാൾക്കെതിരേ നടപടി എടുക്കുന്നതിലെത്തിച്ചത്.
വ്യാപാരസ്ഥാപനങ്ങളിലടക്കം നിയന്ത്രണങ്ങൾ കർശനമാക്കും. അതിഥിത്തൊഴിലാളികളെ അതിർത്തികളിൽ തടയുന്ന സാഹചര്യം ഒഴിവാക്കും. ഇവർ ജില്ലയിൽ കടന്നാലുടൻ ക്വാറന്റൈൻ കേന്ദ്രത്തിലെക്കു പോകുന്നുവെന്ന് ഉറപ്പാക്കാൻ പോലീസുദ്യോഗസ്ഥർക്കു നിർദേശം കൊടുത്തിട്ടുണ്ട്.
രാത്രി ഒന്‍പതിനുശേഷമുള്ള യാത്ര നിയന്ത്രിക്കാനും മാസ്കും ഹെൽമെറ്റുമില്ലാതെ ഇരുചക്രവാഹനയാത്ര നടത്തുന്നവർക്കെതിരേ നടപടികൾ കടുപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
നിർദേശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടാൽ ചിത്രവും വിവരവും പോലീസിന് നൽകിയാൽ ഉടനടി നടപടിയുണ്ടാകും.