തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികൾക്കു സർക്കാർ നിശ്ചയിച്ച വിലയിൽ അധികം ഈടാക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇവ പൊതുവിപണിയിൽ വിൽക്കുന്നതിനു വില നിശ്ചയിച്ച് സർക്കാർ ഉത്തരവായിരുന്നു. എന്നാൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെയുളള പല സ്ഥാപനങ്ങളും കൂടിയ വിലയ്ക്കാണ് വിൽക്കുന്നത്.
ഇത്തരം നടപടികൾ കണ്ടെത്തുന്നതിനായി സ്പെഷൽ ബ്രാഞ്ചിന്റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചു.
ഗുണനിലവാരമില്ലാത്ത, കന്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പൾസ് ഓക്സിമീറ്ററുകൾ വിപണിയിൽ നിന്നു വാങ്ങാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. ശരീരത്തിന്റെ ഓക്സിജൻ നില കൃത്യമായി മനസിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്.
ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്ററുകൾ നൽകുന്ന തെറ്റായ വിവരങ്ങൾ രോഗിയെ അപകടപ്പെടുത്താൻ സാധ്യതയുണ്ട്.
അതുകൊണ്ട് മെഡിക്കൽ സർവീസ് കോർപറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ കന്പനികളുടെ പൾസ് ഓക്സിമീറ്ററുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം.
ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സർക്കാർ ഉടൻ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്ളാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്കാവശ്യമായ ആംഫോടെറിസിൻ ബി, ലൈപോസോമൽ ആംഫോടെറെസിൻ ബി എന്നീ മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ട്.
ഇവ ഉൽപാദിക്കുന്ന കന്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്നുകൾ ലഭ്യമാക്കാൻ മെഡിക്കൽ സർവീസ് കോർപറേഷനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.