രാജീവ്.ഡി പരിമണം
കൊല്ലം: ജില്ലയിൽ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെയാണ് ജനജീവിതം സാധാരണ നിലയിലേക്ക്. രണ്ടാഴ്ചയായി ജില്ലയിൽ പുതിയ കോവിഡ് പോസിറ്റീവ് കേസുകളില്ലാത്തതും ആശ്വാസം പകരുന്നു. നിലവിൽ മൂന്ന് പോസിറ്റീവ് കേസുകളാണുണ്ടായിരുന്നത്.
ഇവരിൽ ഒരാൾ ഇന്നലെ രോഗമുക്തി നേടി. ഇനി രണ്ടു പേർ മാത്രം. അവർ ആശുപത്രിവിടുന്നതോടെ ജില്ല കോവിഡ് മുക്തമാകും. ഇന്നു മുതൽ ജില്ലയിൽ കാപെക്സിൻ്റെ കീഴിലുള്ള പത്ത് കശുവണ്ടി ഫാക്ടറികളും പ്രവർത്തിച്ചു തുടങ്ങുകയാണ്.
സർക്കാരിൻ്റെ മാർഗനിർദ്ദേശമനുസരിച്ചാണ് പ്രവർത്തനം.ലോക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികളും ഇന്നു മുതൽ ആരംഭിച്ചു. ജില്ലയിലെ അഞ്ച് ആർ ടി ഒ കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ നടപടി തുടങ്ങി. ലോക് ഡൗൺ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചാണ് പ്രവർത്തനം.
വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയതോടെ കൂടുതൽ ആളുകൾ പുറത്തേക്കിറങ്ങാൻ തുടങ്ങി.നഗര പ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും ജനജീവിതം സാധാരണ നിലയിലാണ്.വാഹനങ്ങൾക്ക് പാസ് വേണ്ടാതായതോടെ യാത്രികരുടെ തിരക്കും വർധിച്ചു തുടങ്ങി.
നഗരവീഥികളിൽ വാഹന തിരക്കേറിയത് പോലീസിനും തലവേദനയായിട്ടുണ്ട്.നഗരത്തിലും നാട്ടിൻ പുറങ്ങളിലുമുള്ള ഹോട്ടലുകളിൽ മിക്കതും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഭക്ഷണം പാഴ്സലായി വാങ്ങാനെത്തുന്നവരുടെ എണ്ണവും വർധിക്കുന്നു.
പൊതുവഴികളിലെല്ലാം സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിര തന്നെ.ഇരു ചക്രവാഹനങ്ങളുടെ തിരക്കാണേറെ.ആശുപത്രി ക്ലിനിക്കുകളുടെ പ്രവർത്തനവും സാധാരണ ഗതിയിലായി.ലാബുകളും പൂർണമായി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.
നാളെ മുതൽ സർക്കാർ ജീവനക്കാർക്കായി കെ എസ് ആർ ടി സി സർവീസ് തുടങ്ങുകയാണ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് കളക്ടറേറ്റ് ഭാഗത്തേക്കാണ് സർവീസ്. സാധാരണ നിരക്കിൻ്റെ ഇരട്ടിയാണ് ബസ് ചാർജ് ആര്യങ്കാവ് വഴിയുള്ള ചരക്കു ലോറി ക ളു ടെ വരവും സാധാരണ നിലയിലായി.
അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആളുകളുടെ എണ്ണവും വർധിച്ചു. പ്രവാസികളുടെ വരവും കൂടിയിട്ടുണ്ട്. അവരെല്ലാം ജില്ലയിലെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലാണ്.ഇന്നലെ മുതൽ കളള് ഷാപ്പ് തുറക്കാൻ അനുമതി ലഭിച്ചെങ്കിലും കള്ളിൻ്റെ വരവ് ഇല്ലാത്തതിനാൽ ഭുരിഭാഗം ഷാപ്പുകളും തുറന്നില്ല.
ഇന്നും സ്ഥിതിക്ക് വ്യത്യാസമില്ല. ജനമൈത്രി പോലീസിൻ്റെ പ്രവർത്തനം ജില്ലയിൽ ഏറെ മുന്നിലാണ്.ദുരിതത്തിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതി എത്തിക്കുന്നതോടൊപ്പം അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളും വീടുകളും സന്ദർശിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.
തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെല്ലാം മതിയായ ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. അതേ സമയം അതിർത്തി ജില്ലകളായ തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നത് ജില്ലയിൽ ആശങ്കയ്ക്കിടയാക്കുന്നു.