പാലോട് : ഐഷുവിന്റെ ആദ്യത്തെ കൺമണിക്ക് എന്തു പേരിടണമെന്ന് കാര്യത്തിൽ ഷാജിക്കും റഫീക്കിനും ഒരു സംശയവുമില്ലായിരുന്നു. ലോകത്തെ നടുക്കിയ മഹാമാരിയുടെ ഓര്‍മയ്ക്കായി അവര്‍ പൊന്നോമനയ്ക്ക് കോവിഡ് മുന്ന 19 എന്ന് പേരിട്ടു.
അധികം താമസിക്കാതെ അമ്മയായ ഐഷുവിനൊപ്പം ഓട്ടുമണിയും കിലുക്കി പാലോടുകാരുടെ കണ്ണിലുണ്ണിയായി കോവിഡ് മുന്ന നിരത്തില്‍ വിലസും. സംശയിക്കേണ്ട, കോവിഡ്മുന്ന ഒരാഴ്ച്ച മാത്രം പ്രായമുള്ള കുതിരക്കുട്ടിയാണ്.
പേരിടല്‍ ചടങ്ങ് ഒരു നിമിത്തം പോലെ ഈ മാസം 19-ന് ആയതിനാല്‍ കോവിഡ്മുന്ന 19-എന്നാക്കി. നാട്ടില്‍ ആദ്യമായി വീട്ടില്‍ പിറന്ന കുതിരക്കുട്ടിയെക്കാണാന് ഇവര്‍ക്കു മാത്രമല്ല നാട്ടുകാര്‍ക്കും ഏറെ കൗതുകം.
നാലുവര്‍ഷം മുമ്പാണ് ഷാജിയും റഫീക്കും ചേര്‍ന്ന് ബംഗളൂരുവിൽ നിന്നും ഐഷുവിനെ പാലോട് കൊണ്ടു വന്നത്. നല്ല ലക്ഷണമൊത്ത തലയെടുപ്പുള്ള ഐഷു കുഞ്ചിരോമങ്ങള്‍ തുള്ളിച്ച് തുള്ളിച്ച് കുളമ്പൊച്ചയുമായി വളരെപ്പെട്ടെന്നാണ് പാലോടുകാരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്.
വൈകുന്നേരങ്ങളിൽ പാലോടിന്റെ നാട്ടിടവഴികളില്‍ ഐഷു നാട്ടുകാരുടെ പ്രിയപ്പെട്ട കാഴ്ച്ചയായി. പഞ്ചാബില്‍ നിന്നും പാലോട് മേളയ്ക്ക് വിരുന്നെത്തിയ റോക്കിയെന്ന ആണ്‍കുതിര ഇതിനിടെ ഐഷുവിന്റെ മനംകവര്‍ന്നു.
പതിനൊന്നുമാസത്തെ കാത്തിരിപ്പിനും പരിചരണങ്ങള്ക്കുമൊടുവില് കഴിഞ്ഞയാഴ്ച്ചയാണ് ഐഷു കുതിരക്കുട്ടിക്ക് ജന്മം നല്‍കിയത്. ലോകം കോവിഡിനെ അതിജീവിക്കും. എങ്കിലും പാലോടെന്ന ഗ്രാമത്തിലൂടെ കോവിഡ് മുന്ന കുട്ടിക്കുറുമ്പുകാട്ടി ചെമ്പന്വാലും കുലുക്കി കുളമ്പൊച്ചയുമായി ഓടി നടക്കും.