കൽപ്പറ്റ: സ്വന്തമായി വാഹനമില്ലാതെ അതിർത്തിലെ മൂലഹള്ളയിൽ എത്തുന്നവർക്ക് 10 പത്ത് കിലോ മീറ്റർ ദൂരെയുള്ള കോവിഡ് ഫെസിലിറ്റേഷൻ സെന്ററിലേക്ക് ജീപ്പ് സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്.
ഡ്രൈവർ ക്യാബിൻ വേർതിരിച്ച ഒന്പതു ജീപ്പുകളാണ് വകുപ്പ് സജ്ജമാക്കിയത്. വാഹനം അണു വിമുക്തമാക്കുന്നതിനും ഡ്രൈവർമാരുടെ താമസത്തിനും ജില്ലാ ഭരണകൂടവും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോവിസ് ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധന കഴിഞ്ഞ് ഹോം ക്വാറന്ൈറൻ നിർദ്ദേശിക്കുന്നവർക്ക് സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും യാത്ര തുടരാൻ ടാക്സികൾ മുത്തങ്ങയിൽ ലഭ്യമാണ്.
ദിവസവും രാവിലെ ഏഴു മുതൽ രാത്രി 12 വരെ മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ സേവനവും ഫെസിലിറ്റേഷൻ കൗണ്ടറിൽ ലഭിക്കും.മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റിനു സമീപത്തും കല്ലൂരിലുമാണ് കോവിഡ് ഫെസിലിറ്റേഷൻ സെന്ററുകൾ.
ഇവിടങ്ങളിൽ എത്തുന്നവരുടെ യാത്ര ആവശ്യങ്ങൾ നിറവേറ്റാൻ മുത്തങ്ങ ആർ.ടി.ഒ ചെക്പോസ്റ്റും ബത്തേരി ജോയിന്റ് ആർടിഒ ഓഫീസും കേന്ദ്രീകരിച്ച് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
മൂലഹള്ളയ്ക്കും കോവിഡ് ഫെസിലിറ്റേഷൻ സെന്ററിനും ഇടയിൽ യാത്രകൾ നിരീക്ഷിക്കുന്നതിനും സൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള മൊബൈൽ കണ്ട്രോൾ റൂമിൽ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.