കേരളത്തിനു ഭീഷണിയായി കോവിഡ് വകഭേദങ്ങള്‍. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഒന്നാകെ മറികടക്കാന്‍ ശേഷിയുള്ള മാറ്റങ്ങള്‍ സംഭവിച്ച 13 വകഭേദങ്ങളാണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതില്‍ ‘എന്‍440കെ’ എന്നു പേരിട്ടിരിക്കുന്ന വകഭേദമാണ് ഭീഷണി. മാസ്ക് ധരിക്കലും കൈകഴുകലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകൂ.
സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി നടത്തുന്ന ജനിതക ശ്രേണീകരണത്തിന്റെ ആദ്യ ഫലങ്ങള്‍ ഇങ്ങനെ…
14 ജില്ലകളിലെ 2569 സാംപിളുകളില്‍ 658 എണ്ണത്തിന്റെ ശ്രേണീകരണം നടത്തി. ഡിസംബര്‍ – ജനുവരി കാലത്തെ സാംപിളുകളാണ് ഇവ.
ഇവയുടെ ജനിതഘടനയില്‍ മൊത്തം 2174 വ്യതിയാനങ്ങള്‍ (മ്യൂട്ടേഷന്). ഇതില്‍ 13 എണ്ണം ഇമ്യൂണ്‍ എസ്കേപ് ശേഷിയുള്ളതും 5 എണ്ണം തീവ്രവ്യാപന ശേഷിയുള്ളതുമാണ്.
ഓരോ സാംപിളിലും ഒന്നിലധികം ഇമ്യൂണ്‍ എസ്കേപ് പ്രൊട്ടീനുകള്‍ കണ്ടിട്ടില്ലാത്തത് ആശ്വാസകരമാണ്. ഒന്നിലധികമായാല്‍ സ്ഥിതി ഗുരുതരം. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ഇത്തരത്തിലുള്ളതാണ്.
ഒരു സാംപിളില്‍ യുകെ വകഭേദവും കണ്ടെത്തിയെങ്കിലും പടരാതെ തടയാനായി. 113 സാംപിളിലാണ് ഇമ്യൂണ്‍ എസ്കേപ് ശേഷിയുള്ള മാറ്റങ്ങള്‍ കണ്ടത്.