കണ്ണൂര്‍: പുതിയ രോഗികളില്ലാതെ കണ്ണൂർ എട്ട് ദിവസം പിന്നിട്ടു. ഇന്നലെ രണ്ടുപേർ കൂടി ആശുപത്രി വിട്ടതോടെ ചികിത്സയിലുള്ളത് മൂന്നുപേർ മാത്രം. അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ രണ്ടും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാളുമാണ് ഇനി ചികിത്സയിലുള്ളത്.
118 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 115 പേരും രോഗമുക്തരായി. അടുത്ത ആറു ദിവസം കൂടി കണ്ണൂർ ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ജില്ല റെഡിൽ നിന്ന് ഓറഞ്ച് സോണിലെത്തും.
14 ദിവസം പുതിയ കോവിഡ് കേസുകൾ ഇല്ലെങ്കിലാണ് ഓറഞ്ചിലേക്ക് മാറുന്നത്. തുടർച്ചയായി 21 ദിവസം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ഗ്രീനിലേക്ക് മാറും. വിദേശത്തും നിന്നും ഇതരസംസ്ഥാനത്ത് നിന്നും തിരിച്ചെത്തുന്നവർക്ക് സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഗൗരവത്തോടെയാണ് കാണുന്നത്.
നാളെയാണ് പ്രവാസികളുമായി കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമെത്തുന്നത്. ഇവരുടെ പരിശോധനകൾക്കായി വിമാനത്താവളത്തിൽ അത്യാധുനിക സജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മേയ് നാലു മുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള 3900ത്തിലേറെ പേര് കണ്ണൂർ ജില്ലയിലെത്തി.
ഇവരില്‍ സ്ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും റെഡ് സോണ്‍ ജില്ലകളില്‍ നിന്നെത്തിയ 851 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 3055 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതിനുപുറമെ വിവിധ വിമാനത്താവളങ്ങള്‍ വഴി 36 പേര് ഗള്‍ഫ് നാടുകളില്‍ നിന്ന് ജില്ലയിലെത്തിയിട്ടുണ്ട്.
ഇവരില്‍ രണ്ടു പേര് ആശുപത്രിയിലും 12 പേർ കോവിഡ് കെയര്‍ സെന്ററുകളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണുള്ളത്. ഇതിനുപുറമെ നിലവില്‍ മൂന്നു പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 30 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും നാലു പേര് തലശേരി ജനറല്‍ ആശുപത്രിയിലും നാലു പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാകേന്ദ്രത്തിലും 409 പേര് വീടുകളിലുമായി ആകെ 450 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.