പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 44 ദിവസമായി ചികിത്സയിലുള്ള 62 കാരിയുടെ പരിശോധനാഫലം തുടര്‍ച്ചയായി രണ്ടു തവണ നെഗറ്റീവായി ലഭിച്ചു. 21, 22 പരിശോധനാഫലങ്ങളാണ് നെഗറ്റീവായത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയ്ക്ക് പത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
റാന്നി ഐത്തലയില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായുള്ള സമ്പര്‍ക്കത്തിലാണ് വടശേരിക്കര ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മയ്ക്ക് കോവിഡ് പിടിപെട്ടത്. ഇവരുടെ 28 കാരിയായ മകളും കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നു.
മകള്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടെങ്കിലും ഇവരുടെ പരിശോധനാഫലം പോസിറ്റീവായി തുടര്‍ന്നത് ആരോഗ്യവകുപ്പിനെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സംസ്ഥാനത്തു തന്നെ ഇത്രയും ദീര്‍ഘമായ കാലയളവില്‍ ചികിത്സയിലുള്ളത് ഈ വീട്ടമ്മ മാത്രമായിരുന്നു.
ഇടയ്ക്കൊരു തവണ ഫലം നെഗറ്റീവായെങ്കിലും വീണ്ടും പോസിറ്റീവായി തുടര്‍ന്നു. രണ്ടുദിവസങ്ങള്‍ കൂടുമ്പോഴാണ് രോഗബാധിതരില്‍ സ്രവ പരിശോധന നടത്തുന്നത്. വീട്ടമ്മയുടെ ഫലം 20 ാം പരിശോധനയിലും പോസിറ്റീവായി തുടര്‍ന്നപ്പോള്‍ വിഷയം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് വിടാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ 21, 22 പരിശോധനാഫലങ്ങള്‍ നെഗറ്റീവായി ലഭിച്ചത് ആശ്വാസമായി. ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതു സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനമെടുക്കും. ആദ്യഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ രോഗം ഭേദമാകാനുണ്ടായിരുന്നത് ഈ വീട്ടമ്മയുടേത് മാത്രമായിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബാധിതരായി അഞ്ചുപേര്‍ കൂടിയാണ് നിലവില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ രോഗം ബാധിച്ച 11 പേര് ഇതിനോടകം രോഗവിമുക്തരായി ആശുപത്രി വിട്ടിരുന്നു.