വിഴിഞ്ഞം: തീരദേശ പഞ്ചായത്തുകളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി അധികൃതർ. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധന ഫലങ്ങൾ രോഗം നിയന്ത്രണ വിധേയമായതിന്റെ ലക്ഷണമാണ് കാണിക്കുന്നതെന്ന് അധികൃതർ പറയുന്നു.
എന്നാൽ അടച്ച് പൂട്ടലും നിയന്ത്രണങ്ങളും കർശനമായി തുടരാനും തീരുമാനമായി.തീരദേശ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ രോഗവ്യാപനമുണ്ടായിരുന്ന കരിംകുളം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 40 പേരിൽ നടത്തിയ
പരിശോധനയിൽ പതിനെട്ട് പേരിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഒരാഴ്ച മുൻപ് അറുപതോളം പേർക്ക് രോഗം കണ്ടെത്തിയതോടെയാണ് കൂട്ടപ്പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചത്.പരിശോധന ഇന്നും തുടരും.പൂവാറിൽ ഇന്നലെ 78 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ പോസിറ്റീവായ 18 പേരിൽ എട്ട് പേരും മറ്റ് പഞ്ചായത്തുകളിൽ നിന്ന് വന്നവരായിരുന്നു.
ഇവിടെ വ്യാഴാഴ്ച രോഗം കണ്ടെത്തിയ മൂന്ന് പേരുമായി ബന്ധമുള്ളവരെയും ഇന്നലെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കോട്ടുകാലിലും, കാഞ്ഞിരംകുളത്തും നിയന്ത്രണങ്ങൾ ഫലം കണ്ടതായി അധികൃതർ പറയുന്നു. കോട്ടു കാലിൽഏറെ ജനത്തിരക്കുള്ള തീരദേശ വാർഡുകളിൽ ഇന്നലെ എട്ടു പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ രോഗിയായി ഒരാളെ മാത്രമേ കണ്ടെത്താനായുള്ള.
ഒന്നാം തരംഗത്തിൽ പരിശോധിച്ച മുപ്പത് പേരിൽ 28 പേർ രോഗികളായി പേര് ദോഷം കേട്ട മേഖലയാണിത്.വിഴിഞ്ഞം മേഖലയിൽ അവശേഷിക്കുന്ന രോഗികളുടെ എണ്ണം ശേഖരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങാൻ അധികൃതർ ശ്രമം ആരംഭിച്ചു.
സ്വകാര്യ ആശുപത്രിയിലെ പരിശോധനക്ക് ശേഷം ഹോം ഐസോലേഷനിൽ കഴിയുന്നവരുടെ വിവരങ്ങളാണ് പ്രത്യേകിച്ച് ശേഖരിക്കുന്നത്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ വിഴിഞ്ഞത്ത് പ്രവർത്തിച്ചിരുന്ന കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനവും നഗരസഭ ഇന്നലെ അവസാനിപ്പിച്ചു.