സ്വന്തം ലേഖിക
പരിയാരം: കോവിഡ് ബാധിച്ച 104 വയസുകാരി രോഗമുക്തയായി ജീവിതത്തിലേക്ക്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മയാണ് രോഗമുക്തി നേടിയത്.
ഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്.
ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.
കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍നിന്ന് ഓക്സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.
ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്കി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്, അനസ്തേഷ്യ, പള്‍മണറി മെഡിസിന് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്.
65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്ക് വിഭാഗത്തില്പ്പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെകൊണ്ടു വന്നത്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് 110 വയസുകാരിയും കൊല്ലം മെഡിക്കല്‍ കോളജില്‍ നിന്ന് 105 വയസുകാരിയും നേരത്തെ കോവിഡ് മുക്തരായിരുന്നു.
ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 72 വയസുള്ള മകള്‍ക്കും 70 വയസുള്ള മകനും കോവിഡ് ബാധിച്ചിട്ടില്ല.
രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എസ്. അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്ന് യാത്രയാക്കി.