പത്തനംതിട്ട: മല്ലപ്പുഴശേരിയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആശാപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് ആദ്യം അയച്ച ആറ് സ്രവ സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.
രോഗലക്ഷണങ്ങളോടെ ഐസൊലേഷനിലാക്കിയിരുന്ന മല്ലപ്പുഴശേരിയിലെ ഒരു ഡോക്ടറുടെയും പഞ്ചായത്ത് സിഡിഎസ് അക്കൗണ്ടിന്റെയും സ്രവ സാമ്പിളുകളും ഇതിലുള്‍പ്പെടുന്നു. ആശാ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് 37 പേരുടെ സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
ഇതിനിടെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ ജാഗ്രത തുടരും. പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും 12 മെംബര്‍മാരും ജീവനക്കാരും ക്വാറന്റൈനിലാണ്.
മല്ലപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാരടക്കം നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച ആശാ പ്രവര്‍ത്തക സിഡിഎസ് ചെയര്‍പേഴ്സണ്‍ കൂടിയായിരുന്നുതിനാല് ഇവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമായിരുന്നു.