കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടുന്നതിനിടെ എറണാകുളം ജില്ലയിൽ പുതുതായി 11 പേരെ വീടുകളിൽ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി.
നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 17 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 134 ആയി. ഇതിൽ 42 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 92 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു.
ഇന്നലെ പുതുതായി അഞ്ച് പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടു പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും മൂന്നുപേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
നിലവിൽ 15 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജിൽ നാല് പേരാണുള്ളത്. ഇതിൽ രണ്ടുപേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രണ്ടുപേരും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരും, സ്വകാര്യ ആശുപത്രികളിലായി ഏഴ് പേരും നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് ഇന്നലെ 26 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.
26 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. ഇനി 53 സാന്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.184 കോളുകളാണ് ഇന്നലെ ജില്ലാ കണ്ട്രോൾ റൂമിൽ ലഭിച്ചത്.
ഇതിൽ 104 കോളുകൾ പൊതുജനങ്ങളിൽനിന്നും, 18 എണ്ണം അതിഥിത്തൊഴിലാളികളിൽനിന്നുമായിരുന്നു. ലോക്ക് ഡൗണ് സംബന്ധിച്ച പുതിയ ഇളവുകളെക്കുറിച്ച് അറിയുന്നതിനാണ് കൂടുതൽ വിളികളുമെത്തിയത്.
മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽനിന്നു ധാരാളം മലയാളികളുടെ വിളികളെത്തി. യാത്ര ചെയ്യുന്നതിൽ തടസമുണ്ടോ, മറ്റൊരു ജില്ലയിലേക്ക് പോയാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമോ എന്നത് സംബന്ധിച്ചറിയാനായിരുന്നു ഏറെയും വിളികൾ.