ലോകം കൊറോണ ഭീതിയില്‍ നിന്നും പതിയെ മുക്തരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസരത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കല്‍ ലീഡ് ഡോ. മരിയ വാന്‍ കെര്‍ഖോവ്.
കൊറോണ വൈറസിന്റെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് ഡോ. മരിയ പറയുന്നു.
പരിശോധനകളും നിരീക്ഷണവും ജനിതക സീക്വന്‍സിംഗും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററില്‍ കുറിച്ചു.
ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒമിക്രോണ്‍ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി.
ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോള്‍ പ്രബല കോവിഡ് വകഭേദമാണ്. 2020 ല്‍ കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ ആശങ്ക പരത്തുന്ന നിരവധി വകഭേദങ്ങള്‍ കൊറോണ വൈറസിനുണ്ടായി.
ഇതില്‍ ഇന്ത്യയില്‍ ഏറ്റവും മാരകമായ കോവിഡ് തരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേദമാണ്. ഇനിയും ഇത്തരത്തിലുള്ള മാരക വകഭേദങ്ങള്‍ കൊറോണ വൈറസിന് ഉണ്ടാകാമെന്നാണ് ഡോ. മരിയ മുന്നറിയിപ്പ് നല്‍കുന്നത്.
ഭാവി വകഭേദങ്ങള്‍ക്ക് കൂടുതല്‍ വ്യാപനശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാനുള്ള കഴിവും ഉണ്ടാകാമെന്നും അവയുടെ തീവ്രത കൂടുതലോ കുറവോ ആകാമെന്നും അവര്‍ പ്രവചിക്കുന്നു.
ഇതുവരെ കണ്ടെത്തിയതിലും വച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദം ഒമിക്രോണ്‍ ആണെങ്കിലും ഈ വൈറസ് മൂലമുള്ള രോഗതീവ്രത വളരെ കുറവാണ്.
പുതിയ വകഭേദങ്ങളെ കണ്ടെത്തുന്നതില്‍ പരിശോധനയും സാംപിളുകളുടെ സീക്വന്‍സിങ്ങും നിര്‍ണായകമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കോവിഡ് തീവ്രത കുറയ്ക്കുന്നതില്‍ വാക്സിനുകള്‍ നിര്‍ണായക പങ്ക് വഹിച്ചതായും ഡോ. മരിയ അഭിപ്രായപ്പെട്ടു.
റിസ്ക് കൂടിയ ജനവിഭാഗങ്ങളില്‍ കോവിഡ് വാക്സീന്റെ ശുപാര്‍ശ ചെയ്യപ്പെട്ട എല്ലാ ഡോസുകളും എത്തിക്കാനും അവര്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.