ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ചൈനയിൽ മാത്രമല്ല, ലോകമെമ്പാടും കൊറോണ കേസുകൾ അതിവേഗം വർദ്ധിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5.37 ലക്ഷം കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 1396 പേർ മരണപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം അമേരിക്കയിലും 50,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചെെനയിൽ കോവിഡ് സംഹാരതാണ്ഡവമാടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദിനംപ്രതി കോവിഡ് വ്യാപനക്കേസുകൾ ചെെനയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധി മൂലം നിരവധിപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
പല രാജ്യങ്ങളിലും രോഗികളെ ചികിത്സിക്കാൻ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
ചെെനയിൽ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. പുതിയ കോവിഡ് തരംഗം ചെെനയിലെ ആശുപത്രികൾ നിറച്ചുകഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ചൈനയ്ക്ക് പുറമെ, അമേരിക്ക, ജപ്പാൻ തുടങ്ങി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കോവിഡിൻ്റെ പുതിയ വകഭേദം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്ത്യയും സംസ്ഥാനങ്ങളും കോവിഡിൻ്റെ പുതിയ വകഭേദത്തിനെതിരെ അതീവ ജാഗ്രതയിലാണ്.
പകർച്ചവ്യാധിക്കെതിരെ നടപടികൾ കെെക്കൊണ്ടിട്ടുള്ളതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി രംഗത്തെത്തുകയും ചെയതിട്ടുണ്ട്.
കോവിഡ് വ്യാപനത്തിൻ്റെ ദിനംപ്രതിയുള്ള സ്ഥിതിവിവരക്കണക്കുകൾ നിരീക്ഷിക്കുന്ന സംഘടനയായ വേൾഡോമീറ്റർ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്താകമാനം 5.37 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1396 പേർ കോവിഡ് മൂലം മരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്താകമാനം 65,94,97,698 കോവിഡ് കേസുകളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ 20 കോടി സജീവ കേസുകളുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിൽ 2.06 ലക്ഷം കൊറോണ കേസുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. 296 മരണങ്ങളും അവിടെ സംഭവിച്ചു.
അതേസമയം അമേരിക്കയിൽ 50,000-ത്തിലധികം കോവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. 323 പേർക്കാണ് അവിടെ ജീവൻ നഷ്ടപ്പെട്ടത്.
ഇതുകൂടാതെ ദക്ഷിണ കൊറിയയിൽ 88,172 കേസുകളും ഫ്രാൻസിൽ 54,613 കേസുകളും ബ്രസീലിൽ 44415 കേസുകളും കണ്ടെത്തിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ ബ്രസീലിൽ 197 പേർ പകർച്ചവ്യാധി മൂലം മരിച്ചതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 145 കേസുകൾ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ കോവിഡ് വ്യാപനം മൂലം ആർക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളില്ല.
കോവിഡിൻ്റെ ആരംഭത്തിനു ശേഷം രാജ്യത്ത് ഇതുവരെ 44,677,594 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 5.3 ലക്ഷം പേർക്ക് കോവിഡ് മൂലം ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ രാജ്യത്ത് 4672 സജീവ കേസുകൾ മാത്രമാണുള്ളത്.
ചൈനയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ബുധനാഴ്ച രാജ്യത്തുടനീളം 3,030 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം ചൊവ്വാഴ്ച അഞ്ചുപേർക്കാണ് കോവിഡ് ബാധമൂലം സജീവൻ നഷ്ടപ്പെട്ടത്. റിപ്പോർട്ടുകളിൽ മരണസംഖ്യകൾ കുറവായാണ് കാണുന്നതെങ്കിലും ചൈനയിൽ നിന്ന് പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും മറ്റൊരു കഥയാണ് പറയുന്നത്.
മാത്രമല്ല കോവിഡ് വ്യാപനത്തിൻ്റെ അതിരൂക്ഷത മൂലം ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നുണ്ട്.
സമുഹമാധ്യമങ്ങളിൽ വെെറലാകുന്ന ചൈനീസ് ആശുപത്രികളുടെയും ശ്മശാനങ്ങളുടെയും വീഡിയോകളിലൂടെ ചൈനയിലെ അവസ്ഥ വളരെ മോശമാണെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്.
ആശുപത്രികളിൽ മൃതദേഹങ്ങൾ കൂമ്പാരമായി കൂടിക്കിടക്കുന്നത് കാണാൻ സാധിക്കും. അതേ സമയം, ശ്മശാനങ്ങൾക്ക് പുറത്ത് കാറുകളുടെ നീണ്ട നിരയും കാണാൻ സാധിക്കുന്നുണ്ട്.
ബന്ധുക്കളുടെ അന്ത്യകർമങ്ങൾ നടത്താൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
കോവിഡ് വ്യാപനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വളരെക്കുറവ് കോവിഡ് കേസുകൾ മാത്രമാണ് ചെെനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി ചീഫ് ഡോ. മൈക്കൽ റയാൻ പറഞ്ഞു.
എന്നാൽ അവിടെ ഐസിയു ഉൾപ്പെടെ നിറഞ്ഞിരിക്കുകയാണ്. വലിയ പകർച്ചാ സ്വഭാവം കാണിക്കുന്ന ഈ വൈറസിനെ പൂർണ്ണമായും തടയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾ മുൻപേ മുന്നറിയിപ്പു നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളെ ആരോഗ്യവത്കരിച്ചും സാമൂഹികവുമായ നടപടികളിലൂടെയും മാത്രമേ രോഗവ്യാപനം തടയാനാകു എന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ മിക്ക രാജ്യങ്ങളിലും കോവിഡിൻ്റെ പുതിയ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സർക്കാർ അതീവ ജാഗ്രതയിലാണ്.
കഴിഞ്ഞ ദിവസം രോഗവ്യാപനത്തെ സംബന്ധിച്ച് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ യോഗം ചേർന്നു.
എല്ലാ സാഹചര്യങ്ങളെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യമെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്സിൻ എടുക്കാനായി ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.