
തൃശൂർ: പത്രത്തിലൂടെ കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് വിദഗ്ധ ഡോക്ടർമാർതന്നെ വ്യക്തമാക്കിയിട്ടും ചിലർക്ക് ഇപ്പോഴും അനാവശ്യഭയം.
അതീവ സുരക്ഷാ സന്നാഹത്തോടെ തയാറാക്കി വിതരണം ചെയ്യുന്ന പത്രങ്ങളിലൂടെ വൈറസ് വ്യാപനം ഉണ്ടാകില്ലെന്ന് ഡോക്ടർമാർ മാസങ്ങൾക്കുമുന്പുതന്നെ ഉറപ്പുനൽകിയിരുന്നതാണ്.
രോഗികൾ തുമ്മുന്പോഴും ചുമയ്ക്കുന്പോഴും പുറത്തുവരുന്ന ചെറുകണങ്ങൾ നേരിട്ട് കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ എത്തുന്പോഴാണ് രോഗം പകരുന്നത്. വായുവിൽ ഈ കണങ്ങൾ അധികസമയം തങ്ങിനിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റിക്കിടക്കാൻ സാധ്യതയുണ്ട്.
പത്രം തയാറാക്കുന്ന ഓഫീസിലും അച്ചടിക്കുന്ന പ്രസിലും അതീവ സുരക്ഷാ മാർഗങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഓഫീസിനും പ്രസിനും തമ്മിൽ നേരിട്ടു ബന്ധമില്ല. പ്രസിൽ ജീവനക്കാർ ഗ്ലൗസ്, മാസ്ക് എന്നിവ ധരിക്കുന്നുണ്ട്. സാനിറ്റൈസറും യഥാസമയം ഉപയോഗിക്കുന്നു.
പ്രസ് അണുവിമുക്തമാണെന്ന് ഉറപ്പാക്കുന്നുമുണ്ട്. പത്രം വിതരണം ചെയ്യുന്നവരും സുരക്ഷാ ഉപാധികൾ ധരിക്കുന്നു. അതുകൊണ്ടുതന്നെ പത്രം പരമാവധി സുരക്ഷിതമാണെന്നുറപ്പ്.
വൈറസ് പകരാതിരിക്കാനുള്ള സ്വാഭാവിക മുൻകരുതലുകൾ എല്ലാവരും ഉറപ്പാക്കുകമാത്രമാണ് ചെയ്യേണ്ടത്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരമെങ്കിലും കഴുകുക. സോപ്പിനു പകരം ആൽക്കഹോൾ അടങ്ങുന്ന ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം.
കൈകൊണ്ട് മുഖത്തും മാസ്കിനു മുകളിലും സ്പർശിക്കാതിരിക്കുക. ഒരുകാര്യം പ്രത്യേകം ഓർക്കുക- പത്രമാണെങ്കിലും പുസ്തകമാണെങ്കിലും നാക്കിൽ വിരൽതൊട്ട് പേജ് മറിക്കാതിരിക്കുക.
യഥാർഥ വാർത്തകളോടു മുഖംതിരിക്കാതിരിക്കാം.