ചെന്നൈ: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിൽനിന്ന് അച്ചടി മാധ്യമങ്ങളെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റീസുമാരായ എൻ. കൃപാകരൻ, ആർ.ഹേമലത എന്നിവരടങ്ങുന്ന ബഞ്ചിന്േറതാണ് നടപടി.
കൊറോണ വൈറസ് പേപ്പർ പ്രതലങ്ങളിൽ നാല് ദിവസത്തോളം നിലനിൽക്കുമെന്നും കൊറോണ വ്യാപനത്തിന് ഇത് വഴിയൊരുക്കുമെന്ന ആശങ്കകൾ ഉന്നയിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ടി. ഗണേഷ് കുമാർ എന്നയാളാണ് ഹർജി സമർപ്പിച്ചത്. എന്നാൽ ഹർജിക്കാരന്റെ ആശങ്കകളിൽ അടിസ്ഥാനമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ഒരു ജനാധിപത്യ സംവിധാനത്തിൽ ദിനപത്രങ്ങൾ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണു ഹർജി തള്ളിയത്. പത്രങ്ങളുടെ പ്രസിദ്ധീകരണം നിയന്ത്രിക്കുന്നതോ നിരോധിക്കുന്നതോ ആയ ശ്രമങ്ങളെല്ലാം മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാകുമെന്നും കോടതി പറഞ്ഞു.
പത്രമാധ്യമങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നതു വസ്തുതകൾ അടങ്ങിയ വാർത്തകൾ മാത്രമാണെന്നും കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രങ്ങളും ഒഴിവാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.