നിലന്പൂർ: ഈ കൊറോണ കാലത്ത് സാധാരണക്കാരുടെ മനസിൽ നിന്ന് മായാതെ ആ നന്പർ ഇപ്പോഴും നിലകൊള്ളുന്നു. അഗ്നിരക്ഷാ സേനയുടെ ടോൾഫ്രീ നന്പർ 101.
അഗ്നിരക്ഷാ സേനയുടെ ടോൾ ഫ്രീ നന്പറായ 101 ലേക്ക് കഴിഞ്ഞ കുറേ നാളുകളായി ഫോണ്‍ പ്രവാഹമായിരുന്നു. ഈ ലോക് ഡൗണ്‍ കാലത്ത് ജീവൻ രക്ഷാ മരുന്ന് കിട്ടാതെ പ്രയാസപ്പെട്ട 555 വീടുകളിലേക്കാണ് സേന മരുന്നുകൾ എത്തിച്ച് നൽകിയത്.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ നിന്നായി 185 രോഗികൾക്കാണ് ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് നൽകാൻ കഴിഞ്ഞതെന്ന് സ്റ്റേഷൻ ഓഫീസർ എം.അബ്ദുൾ ഗഫൂർ പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്നും മരുന്നുകളെത്തിച്ചു. സിവിൽ ഡിഫെൻസ് വോളന്റിയർമാരാണ് ജില്ലക്ക് അകത്ത് നിന്നുള്ള മരുന്നുകൾ എത്തിച്ചത്.
മൊത്തം 370 പേർക്കാണ് ഇതിലൂടെ ജീവൻ രക്ഷാ മരുന്ന് എത്തിച്ച് നൽകി. വിവിധ സംഘടനകളും വ്യക്തികളുമാണ് ആദ്യ ഘട്ടത്തിൽ മരുന്നുകൾ എത്തിച്ച് നൽകിയിരുന്നത്. അഗ്നിരക്ഷാ സേന ഈ ദൗത്യം ഏറ്റെടുത്തതോടെ കുന്നും മലകളും കടന്ന് അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ സ്നേഹത്തിന്റെ പുതിയ പോർമുഖം തുറന്ന് വീടുകളിലേക്ക് എത്തി.
സേനക്ക് നിലന്പൂരിൽ പുതിയതായി ലഭിച്ച മോട്ടോർ ബൈക്ക് ഒരു പരിധിവരെ ഈ യാത്രകൾക്ക് തുണയായി. ഇന്ന് നാട്ടുകാർക്ക് എത് ആപത്തിലും അഗ്നിരക്ഷാ സേന ഒപ്പമുണ്ടെന്ന വിശ്വാസമുണ്ട്. അത് ഈ ലോക് ഡൗണ്‍ കാലത്ത് അവർ അനുഭവിച്ചറിഞ്ഞു.
ദിവസങ്ങളോളമായി വീടുകളിൽ പോകാൻ പോലും കഴിയാതെയാണ് ജീവനക്കാർ ഈ മഹാമാരിയുടെ നാളുകളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നത്. ബോധവത്കരണ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തികൾ എല്ലാത്തിനും നാട്ടുകാർക്കൊപ്പം അഗ്നിരക്ഷാ സേനയും ഉണ്ട്.
കോവിഡ് കാലത്തും അഗ്നിരക്ഷാ സേന തങ്ങളുടെ ചുമതല കൃത്യമായി നിർവഹിക്കുന്നു. അപകടങ്ങൾ, തീപിടിത്തങ്ങൾ ഉൾപ്പെടെ 85 കേസുകളാണ് ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്.