തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗമാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം ഇന്ന് ഉത്തരവ് പുറത്തിറങ്ങും. അതേസമയം ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദേശം മോട്ടോർ വാഹനവകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്.
ഹോട്ടലുകളും കടകളും രാത്രി ഒൻപതു വരെ
കടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം രാത്രി ഒൻപത് വരെ മാത്രമാക്കണമെന്നതാണ് പ്രധാന നിർദേശം. ഹോട്ടലുകളിൽ ഒരു സമയം അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.
സദ്യ വേണ്ട; പാക്കറ്റ് ഫുഡ് ആകാം
പൊതുചടങ്ങുകളുടെ സമയം രണ്ടു മണിക്കൂറായി കുറയ്ക്കണം. പൊതുപരിപാടികളിൽ 200 പേർക്ക് മാത്രമാകും പ്രവേശനം. അടച്ചിട്ട മുറികളിലാണെങ്കിൽ നൂറു പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിവാഹങ്ങൾ അടക്കമുള്ള പൊതുപരിപാടികളിൽ സദ്യ പാടില്ല, പകരം പാക്കറ്റ് ഫുഡ് നൽകാം.
മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലുകൾ പാടില്ലെന്നും നിർദേശമുണ്ട്. കോർ കമ്മിറ്റിയുടെ നിർദേശങ്ങൾ അതത് ജില്ലാ ഭരണകൂടങ്ങൾക്ക് കൈമാറും. ഓരോ ജില്ലയിലേയും സാഹചര്യങ്ങൾ പരിഗണിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതു സംബന്ധിച്ച് അതത് ജില്ലാ ഭരണകൂടമാകും അന്തിമ തീരുമാനം എടുക്കും.
നേരത്തേയുള്ളതിന് സമാനമായി പോലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും പരിശോധനകൾ കർശനമാക്കും. ആർടിപിസിആർ പരിശോധനകൾ വർധിപ്പിക്കും. വാർഡ് തല നിരീക്ഷണവും ക്വാറന്റൈനും കർശനമാക്കാനും യോഗം തീരുമാനിച്ചു.
പൂർണമായുള്ള അടച്ചിടലിനു പകരം, കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ചും ഉടൻ തീരുമാനമുണ്ടാകും.