തിരുവനന്തപുരം: കോവിഡ് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിന പരേഡ് ചുരുങ്ങും. തലസ്ഥാനത്ത് പോലീസ്, പാരാമിലിറ്ററി സേനാംഗങ്ങളുടെ ഏഴു പ്ലറ്റൂണുകൾ മാത്രമേ സ്വാതന്ത്ര്യ ദിന പരേഡിൽ പങ്കെടുക്കൂ. കഴിഞ്ഞ വർഷങ്ങളിൽ 24 പ്ലറ്റൂണുകൾ വരെ പങ്കെടുത്തിരുന്നു.
ജില്ലാ ആസ്ഥാനങ്ങളിൽ മൂന്നു മുതൽ അഞ്ചു വരെ പ്ലറ്റൂണുകൾ മാത്രമാകും ഉണ്ടാകുക. പരേഡിന്റെ ഭാഗമായി മാർച്ച് പാസ്റ്റ് ഉണ്ടാവില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.
രാവിലെ ഒൻപതിനു ശേഷമാണു സ്വാതന്ത്ര്യദിനാഘോഷം തുടങ്ങുക. നേരത്തെ രാവിലെ എട്ടരയക്കാണു തുടങ്ങിയിരുന്നത്. കോവിഡ് പ്രതിരോധ രംഗത്തുള്ള ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, സാനിറ്റേഷൻ ജീവനക്കാർ തുടങ്ങിയവരുടെ പ്രതിനിധികളെ ചടങ്ങിൽ പ്രത്യേക അതിഥികളായി ക്ഷണിക്കും.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മെഡൽ വിതരണം ഇത്തവണ ഉണ്ടാകില്ല. ഇതു പിന്നീടു നടത്തും. റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട 65 വയസു കഴിഞ്ഞവരേയും പത്തു വയസിൽ താഴെയുള്ളവരേയും ഒഴിവാക്കും.