ഹരിപ്പാട്: കോവിഡ് മഹാമാരിയെ തുടർന്ന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ കടകൾ തുറക്കാനും അടക്കാനും സമയം നിശ്ചയിക്കുകയും ശീതീകരിച്ച കച്ചവട സ്ഥാപനങ്ങളിൽ തെർമൽ സ്കാനറും സാധാരണ കടകളിൽ സാനിട്ടൈസറും തുടങ്ങി പലവിധ നിയന്ത്രണങ്ങൾ ആരോഗ്യ വകുപ്പും- പോലീസും ചേർന്നു ഏർപ്പെടുത്തിയെങ്കിലും
യാതൊരു നിയന്ത്രണവും ബാധകമല്ലാത്ത നാട്ടിൽ പ്രവവത്തിക്കുകയാണ് വഴിവാണിഭക്കാർ. ഭക്ഷണ സാധനങ്ങൾ തുടങ്ങി കോവിഡ് പ്രതിരോധത്തിന് മുഖം മറക്കാനുള്ള മാസ്ക് വരെ റോഡരികിൽ വിൽക്കുന്നു. ആരും ചോദിക്കാനില്ല; ഒരു നിയന്ത്രണവുമില്ല.
ആലപ്പുഴയ്ക്കും ഹരിപ്പാടിനും മധ്യേ മിനിലോറികളിലും ഉന്തുവണ്ടികളിലുമായി ഏതാണ്ട് നൂറിലധികം പേരാണ് ദേശീയപാതയ്ക്കിരു വശവുമായി കച്ചവടം നടത്തുന്നത്. ഈ വാഹനങ്ങളിലേറെയും സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ കച്ചവടം ചെയ്യുന്നവയാണ്.
കടവാടകയോ വൈദ്യുതി ചാർജോ മറ്റ് അനുബന്ധ ചെലവുകളോ ഇല്ലാതെ നടത്തുന്ന വഴിവാണിഭത്തിൽ വിലയുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ല. നിമിഷം പ്രതി വില കൂടിയും കുറഞ്ഞുമിരിക്കും.
വിലകുറച്ചു വിൽക്കുന്നവയിൽ നല്ലൊരു പങ്ക് അഴുകിത്തുടങ്ങിയതാണെന്ന് പരാതിയുണ്ട്. മോശമായവ മാറിത്തരാൻ ആവശ്യപ്പെട്ടാൽ ചില കച്ചവടക്കാരുടെ മട്ടു മാറും.
അടുത്തിടെ കരുവാറ്റയിൽ വിൽപനയ്ക്കെത്തിയവരുമായി വീട്ടമ്മ കലഹിച്ചതിന്റെ പേരിൽ രാത്രി സംഘടിച്ചെത്തി വീടുകയറി അക്രമം നടത്തിയ സംഭവവും ഉണ്ടായി. കോവിഡ് നിയന്ത്രണങ്ങൾ എല്ലാത്തരം കച്ചവടങ്ങൾക്കും ഒരുപോലെ നടപ്പാക്കാൻ അധികൃതർ തയാറാകണം.